ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനത്തിന് പണം നൽകിയെന്ന കേസിൽ കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക് കുറ്റക്കാരനാണെന്ന് ഡൽഹി കോടതി വിധിച്ചു. ഈ മാസം 25ന് ശിക്ഷ പ്രഖ്യാപിക്കും. യാസിൻ മാലിക്കിന് എത്ര പിഴയിടണമെന്ന് തീരുമാനിക്കാൻ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിക്കാൻ പ്രത്യേക ജഡ്ജി പ്രവീൺ സിങ് ദേശീയ അന്വേഷണ ഏജൻസിയോട് (എൻ.ഐ.എ) നിർദേശിച്ചു.
തീവ്രവാദമുൾപ്പെടെ തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ എതിർക്കുന്നില്ലെന്ന് യാസിൻ മാലിക് നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. നിരോധിത തീവ്രവാദ സംഘടനകളുടെ നേതൃത്വത്തിൽ നിയമവിരുദ്ധ മാർഗങ്ങളിലൂടെ ഇന്ത്യയിലും വിദേശത്തും പണം സമാഹരിച്ച് എത്തിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഈ പണം വിനിയോഗിച്ച് കശ്മീരിൽ തീവ്രവാദപ്രവർത്തനം നടത്തിയെന്നാണ് കേസ്.
കശ്മീരി വിഘടനവാദി നേതാവ് ഫറൂഖ് അഹ്മദ് ധർ, ഷബീർ ഷാ, മസറത്ത് ആലം, മുഹമ്മദ് യൂസഫ് ഷാ, അഫ്താബ് അഹമ്മദ് ഷാ, അൽതാഫ് അഹമ്മദ് ഷാ, നയീം ഖാൻ, മുഹമ്മദ് അക്ബർ ഖണ്ഡായ്, രാജ മെഹ്റാജുദ്ദീൻ കൽവാൽ, ബഷീർ അഹമ്മദ് ഭട്ട്, സഹൂർ അഹമ്മദ് ഷാ വത്തലി, ഷബീർ അഹമ്മദ് ഷാ, അബ്ദുൽ റാഷിദ് ശൈഖ്, നവൽ കിഷോർ കപൂർ എന്നിവർക്കെതിരെ കോടതി നേരത്തേ കുറ്റം ചുമത്തിയിരുന്നു. ലശ്കറെ ത്വയ്യിബ സ്ഥാപകൻ ഹാഫിസ് സഈദ്, ഹിസ്ബുൽ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീൻ എന്നിവർക്കെതിരെയും കുറ്റപത്രം നൽകിയിരുന്നു.
അതേസമയം, കെട്ടിച്ചമച്ച തെളിവുകൾ ഉപയോഗിച്ചാണ് യാസിൻ മാലിക്കിനെ കുറ്റക്കാരനായി പ്രഖ്യാപിച്ചതെന്ന് പാകിസ്താൻ. ഇക്കാര്യത്തിൽഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.