ബംഗളൂരു: കർണാടകയിൽ ടിപ്പു ജയന്തി ആഘോഷത്തെ ചുറ്റിപ്പറ്റി വിവാദം പുകയുന്നു. ടിപ്പു ജയന്തിയിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ കർണാടക സർക്കാറിനോട് ആവശ്യപ്പെട്ടു.
നവംബർ പത്തിന് നടക്കുന്ന ആഘോഷത്തിൽ തെൻറ പേര് ഉൾപ്പെടുത്തരുതെന്ന് അഭ്യർഥിച്ച് അദ്ദേഹം സിദ്ധരാമയ്യയുടെ സെക്രട്ടറിക്കും ഉത്തര കന്നട ജില്ലാ കലക്ടർക്കും കത്തെഴുതി. സർക്കാറിെൻറ എല്ലാ വകുപ്പുകൾക്കും ജില്ല ഭരണകൂടങ്ങൾക്കും നിർദേശം കൈമാറണം. ആഘോഷവുമായി ബന്ധപ്പെട്ട് ഒരിടത്തും തെൻറ പേര് ഉൾപ്പെടുത്തരുതെന്നും കത്തിൽ വ്യക്തമാക്കി. പിന്നാലെ എം.പിയും ബി.ജെ.പിയിലെ മുതിർന്ന നേതാവുമായ ശോഭ കരന്തലാജെയും ടിപ്പു ജയന്തി ആഘോഷങ്ങളിൽ പേര് ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി, ചിക്കമഗളൂരു കലക്ടർമാർക്ക് കത്തെഴുതി. ടിപ്പു സുൽത്താൻ ഹിന്ദുവിരോധിയും കന്നട വിരുദ്ധനുമായിരുന്നുവെന്നും കർണാടക സർക്കാർ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
അതേസമയം, ഹെഗ്ഡെയുടെ നിലപാടിനെ സിദ്ധരാമയ്യ അപലപിച്ചു. സർക്കാറിെൻറ ഭാഗമായ മന്ത്രി, ഒഴിവാക്കാൻ ആവശ്യപ്പെട്ട് കത്തെഴുതാൻ പാടില്ലായിരുന്നു. ടിപ്പു ജയന്തിയെ രാഷ്ട്രീയ പ്രശ്നമാക്കാനാണ് ശ്രമിക്കുന്നത്. ബ്രിട്ടീഷുകാർക്കെതിരെ ടിപ്പു നാലുതവണ യുദ്ധം ചെയ്തിട്ടുണ്ട്. ആഘോഷത്തിെൻറ ഭാഗമായി എല്ലാ കേന്ദ്ര, സംസ്ഥാന നേതാക്കൾക്കും ക്ഷണക്കത്ത് അയക്കും. സ്വീകരിക്കണോ വേണ്ടയോ എന്നത് അവരാണ് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ടിപ്പു ജയന്തി ആഘോഷത്തിനെതിരെ ബി.ജെ.പി, സംഘ്പരിവാർ സംഘടനകൾ രംഗത്തുണ്ട്.
കഴിഞ്ഞവർഷം ഇവരുടെ കരിദിന പ്രക്ഷോഭങ്ങൾക്കിടയിലും സർക്കാർ നവംബർ 10ന് ടിപ്പു ജയന്തി ആഘോഷിച്ചിരുന്നു. 2015ൽ ടിപ്പു ജയന്തിക്കിടെ മടിക്കേരിയിൽ നടന്ന സംഘർഷത്തിൽ മലയാളി ഉൾപ്പെടെ രണ്ടുപേർ മരിച്ചിരുന്നു. ടിപ്പു സ്വാതന്ത്യ പോരാളിയായിരുന്നെന്നും ജന്മദിനം കൊണ്ടാടുന്നതിന് പിന്നിൽ ബി.ജെ.പി പറയുന്നപോലെ ന്യൂനപക്ഷ പ്രീണനമല്ലെന്നും കോൺഗ്രസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.