ന്യൂഡൽഹി: ഡൽഹി സർക്കാറിന് സുപ്രീംകോടതി നൽകിയ അധികാരം തിരിച്ചുപിടിക്കാനുള്ള കേന്ദ്ര ഓർഡിനൻസ് ബി.ജെ.പിക്കെതിരായ വിശാല പോരാട്ടത്തിനുള്ള ആയുധമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്ര സർക്കാർ നീക്കത്തിനെതിരായ ചെറുത്തുനിൽപ്, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ യോജിച്ച പോരാട്ടമാക്കി മാറ്റാനാണ് കെജ്രിവാളിന്റെ ശ്രമം.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും കെജ്രിവാളിന്റെ വസതിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ കേന്ദ്ര ഓർഡിനൻസിനെതിരെ പ്രതിപക്ഷ പിന്തുണ തേടി പ്രതിപക്ഷ നേതാക്കളെ കാണാൻ സംസ്ഥാനങ്ങളിലേക്ക് പോകുമെന്ന് കെജ്രിവാൾ അറിയിച്ചു. 23ന് കൊൽക്കത്തയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും 24ന് മുംബൈയിൽ ശിവസേന(യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെയെയും 25ന് എൻ.സി.പി നേതാവ് ശരദ് പവാറിനെയും അദ്ദേഹം കാണും.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തോൽവിക്കുള്ള സെമിഫൈനലാക്കി മാറ്റി, കേന്ദ്ര ഓർഡിനൻസ് രാജ്യസഭയിൽ പരാജയപ്പെടുത്താൻ മുഴുവൻ പ്രതിപക്ഷ പാർട്ടികളോടും കെജ്രിവാൾ അഭ്യർഥിച്ചു. അതേസമയം, ഓർഡിനൻസിനെതിരായ പ്രതിപക്ഷ ഐക്യ നീക്കം പ്രതിരോധിക്കാൻ ബി.ജെ.പി കെജ്രിവാളിനെതിരെ ഒറ്റതിരിഞ്ഞ ആക്രമണവുമായി ഡൽഹി നേതാക്കളെ രംഗത്തിറക്കി. ഒപ്പം, ആപ്പിന്റെ ബദ്ധവൈരികളായ ഡൽഹിയിലെ കോൺഗ്രസ് നേതാക്കളും കെജ്രിവാളിനെ വിമർശിച്ചും കേന്ദ്ര ഓർഡിനൻസിനെ ന്യായീകരിച്ചും രംഗത്തെത്തി.
ഞായറാഴ്ച രാവിലെ ഡൽഹിയിൽ കെജ്രിവാളിന്റെ ഔദ്യോഗിക വസതിയിൽ ഒരുമിച്ചെത്തിയാണ് ജനതാദൾ യു നേതാവും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർ.ജെ.ഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും ഓർഡിനൻസിനെതിരായ തങ്ങളുടെ പിന്തുണ അറിയിച്ചത്. ജീവനക്കാർക്കുമേലുള്ള ഡൽഹി സർക്കാറിന്റെ അധികാരം പിടിച്ചടക്കിയ കേന്ദ്ര ഓർഡിനൻസിനെതിരെ രംഗത്തുവരാൻ ബിഹാർ മുഖ്യമന്ത്രി പ്രതിപക്ഷ കക്ഷികളോട് ആവശ്യപ്പെടുമെന്ന് കൂടിക്കാഴ്ചക്കുശേഷം കെജ്രിവാൾ മാധ്യമങ്ങളോട് പറഞ്ഞു.
‘‘ഡൽഹിയിലെ ജനങ്ങൾക്കും സർക്കാറിനുമുള്ള പിന്തുണയുമായാണ് നിതീഷ് വന്നത്. കേന്ദ്രത്തിനെതിരായ പോരാട്ടത്തിൽ മുഴുവൻ പ്രതിപക്ഷത്തെയും അദ്ദേഹം ഒരുമിപ്പിക്കും. എല്ലാ ബി.ജെ.പി ഇതര സംസ്ഥാന സർക്കാറുകളും ഒരുമിച്ചാൽ രാജ്യസഭയിൽ ഓർഡിനൻസ് പരാജയപ്പെടും. അങ്ങനെവന്നാൽ 2024ലേക്കുള്ള സെമിഫൈനലായി മാറും. പിന്നെ 2024ൽ ബി.ജെ.പി ഉണ്ടാകില്ല’ -ഡൽഹി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.തങ്ങൾ ഇക്കാര്യത്തിൽ ആപ്പിനൊപ്പമാണെന്ന് നിതീഷ് കുമാറും തേജസ്വി യാദവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.