സുപ്രീംകോടതി

സുപ്രീംകോടതിയിൽ കേന്ദ്രത്തിന് കനത്ത തിരിച്ചടി 13,608 കോടിക്കുള്ള ഉപാധി നീക്കി; പുതുതായി 21,000 കോടിക്ക് ചർച്ച

ന്യൂഡൽഹി: കേരളത്തിന്റെ കടമെടുപ്പിന് അനുമതി നൽകാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച ‘സുപ്രീംകോടതിയിലെ ഹരജി പിൻവലിക്കണം’ എന്ന വിവാദ ഉപാധി സുപ്രീംകോടതി നീക്കി. വിവാദ ഉപാധിയില്ലാതെ 13,608 കോടി രൂപ കടമെടുപ്പിനുള്ള അനുമതി നൽകാമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമ്മതിച്ചതിന് പിന്നാലെ കേരളം പുതായി തേടിയ 21,000 കോടിയുടെ അധിക കടമെടുപ്പിനുള്ള അനുമതി കേന്ദ്ര - കേരള ഉദ്യോഗസ്ഥർ അഭിഭാഷകാരുടെ സാന്നിധ്യത്തിൽ ഇന്ന് വൈകീട്ട് ചർച്ച ചെയ്ത് തീർപ്പാക്കാൻ കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് കേന്ദ്രത്തിന് തിരിച്ചടിയായ നടപടി.

കേന്ദ്രവും കേരളവും തമ്മിലുള്ള ആദ്യ ചർച്ചയിൽ 13,608 കോടിക്കാണ് ഉപാധികളോടെ കേന്ദ്രം അനുമതി നൽകിയതെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഇത് കേന്ദ്രത്തിന്റെ തന്നെ തീരുമാനമാണ്. എന്നാൽ അതിനായി മറ്റു ഉപാധികൾക്കൊപ്പം സുപ്രീംകോടതിയിലെ ഹരജി പിൻവലിക്കണമെന്ന വ്യവസ്ഥ എന്തിനാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. മറ്റു വ്യവസ്ഥകൾ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. അത് കേരളം അംഗീകരിക്കാതിരിക്കില്ല. ഹരജി പിൻവലിക്കണമെന്ന അവസാന ഉപാധി ഒഴിവാക്കാനാകുമോ എന്ന് തുടർന്ന് സുപ്രീംകോടതി ചോദിച്ചു. ഹരജി പിൻവലിക്കണമെന്ന വ്യവസ്ഥയിലൂടെ നീതിപൂർവകമല്ലെങ്കിൽ പോലും കോടതിയിൽ പോകരുതെന്നാണ് കേന്ദ്രം പറയുന്നത് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

13608 കോടിയോടെ കേരളത്തിന്റെ താൽക്കാലിക പ്രശ്നം തീരില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നും 15,000 കോടി രൂപ കൂടി വേണമെന്നും സിബൽ മറുപടി നൽകി. 13608 കോടി കേന്ദ്രത്തിന്റെ നയപ്രകാരമുള്ളതാണെന്നും അതിന് ഒരു അനുമതിയും വേണ്ടെന്നും സിബൽ ബോധിപ്പിച്ചു. അധികമായി 15,000 കോടി വേണമെന്നാണ് പറയുന്നത്. (ഇത് പിന്നീട് 21,000 കോടി എന്ന് കേരളത്തിനെറ സ്റ്റാൻഡിംഗ് കോൺസൽ സി.കെ ശശി തിരുത്തി) അതും കേരളത്തിന് അവകാശപ്പെട്ടതാണ്. അതിന് അനുവദിക്കില്ലെന്നും ബോണ്ട് എടുക്കാനോ വായ്പ എടുക്കാനോ പറ്റില്ലെന്നും കേന്ദ്രം പറയുന്നു. രണ്ട് ചൊവ്വാഴ്ച കൂടി കഴിഞ്ഞാൽ പിന്നെ കടുമെടുമെടുക്കാനാകാത്ത സാഹചര്യമാകുമെന്നും സിബൽ ഓർമിപ്പിച്ചു.

അതേ തുടർന്ന് ഇപ്പോൾ കേന്ദ്രം അനുമതി നൽകി 13608 കോടി എടുക്കാൻ കേരള​ത്തോട് ആവശ്യ​പ്പെട്ട സുപ്രീംകോടതി അധികമായി ചോദിച്ച തുകയുടെ കാര്യം ചർച്ച ചെയ്യാൻ ഇന്ന് തന്നെ കേന്ദ്രവും കേരളവും ചർച്ച നടത്തണമെന്ന് നിർദേശിച്ചു. ഇന്ന് വൈകീട്ട് കേന്ദ്ര, കേരള ഉദ്യോഗസ്ഥർ നോർത്ത് ബ്ലോക്കിൽ ചർച്ചക്കിരിക്കാമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ വെങ്കിട്ട രമണിയും അഡീഷനൽ സോളിസിറ്റർ ജനറലും കേരളത്തിന് വേണ്ടി കപിൽ സിബലും സമ്മതിച്ചു.

Tags:    
News Summary - Kerala is allowed to borrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.