മംഗളൂരു: അനധികൃതമായി മദ്യം ഉത്പാദിപ്പിച്ച് ഇന്ത്യൻ നിർമിത വിദേശ മദ്യം എന്ന ലേബലിൽ വില്പന നടത്തുന്ന മലയാളി കുടകിൽ അറസ്റ്റിൽ. കാസർകോട് സ്വദേശി കെ. ഹാശിം(47) ആണ് കുടക് ബാഗമണ്ഡലം തവുരു ഗ്രാമത്തിൽ നിന്ന് അറസ്റ്റിലായത്. പ്രദേശവാസിയായ യുവതിയെ വിവാഹം ചെയ്ത ശേഷം ഇവിടെ താമസിച്ച് മദ്യം നിർമ്മാണവും വിതരണവും ആരംഭിക്കുകയായിരുന്നുവെന്ന് കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ 'മാധ്യമ'ത്തോട് പറഞ്ഞു.
ഇയാളുടെ നിർമ്മാണ ശാലയിൽ നിന്ന് 60 കിലോഗ്രാം മദ്യനിർമ്മാണ വസ്തുക്കളും 2000 കാലി കുപ്പികളും ഇന്ത്യൻ നിർമിത വിദേശ മദ്യം ലേബലുകളും പിടിച്ചെടുത്തു. കർണാടകയിലും കേരളത്തിലുമാണ് വ്യാജമദ്യം വില്പനക്ക് അയക്കുന്നത്. പിടിച്ചെടുത്ത സാധനങ്ങൾ ആരോഗ്യ ഹാനിയുണ്ടാക്കുന്നവയാണ്.
രഹസ്യ വിവരം ലഭിച്ചതിനെതുടർന്ന് എസ്.പിയുടെ നിർദേശമനുസരിച്ച് മടിക്കേരി ഡിവൈ.എസ്.പി എ. ജഗദീഷ്, ഇൻസ്പെക്ടർ കെ.വി. അനൂപ് മണ്ഡപ്പ എന്നിവരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയാണ് അനധികൃത മദ്യനിർമ്മാണം കണ്ടെത്തിയത്. വ്യാജ മദ്യത്തിന്റെ വിതരണ ശൃംഖല അറിയാൻ കണ്ണൂർ, കാസർകോട് ജില്ല പൊലീസുമായി സഹകരിച്ച് അന്വേഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.