ആഗ്ര: തിരുവനന്തപുരത്ത് നിന്ന് ആഗ്രയിലെത്തിയ വിനോദസഞ്ചാരിക്ക് കോവിഡ്. ആഗ്ര കന്റോൺമെന്റ് സ്റ്റേഷനിലെ പരിശോധനക്കിടെയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ജെ.എൻ.1 വകഭേദത്തിന്റെ ഭീഷണിനിലനിൽക്കെ കേരളത്തിൽ നിന്നെത്തിയയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത് പ്രദേശത്തെ ആരോഗ്യ പ്രവർത്തകരേയും ആശങ്കയിലാക്കിയിട്ടുണ്ട്.
ആഗ്ര റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളുടെ സാമ്പിൾ ശേഖരിച്ചതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അരുൺ ശ്രീവാസ്തവ പറഞ്ഞു. റാപ്പിഡ് ആന്റിജൻ ടെസ്റ്റിലാണ് ഇയാൾക്ക് രോഗബാധ സ്ഥിരീകരിച്ചത്. ടൂറിസ്റ്റുമായി ആദ്യം ബന്ധപ്പെടാൻ സാധിച്ചില്ലെങ്കിലും രാജസ്ഥാനിലെ ധോൽപൂരിൽ ഇയാളെ കണ്ടെത്തിയെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
ധോൽപൂരിലെ ചീഫ് മെഡിക്കൽ ഓഫീസറുടെ അടുത്ത് ബന്ധപ്പെടാൻ ഇയാൾക്ക് നിർദേശം നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ നിന്നും ശേഖരിച്ച ഇയാളുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനക്കായി ലഖ്നോവിലേക്ക് അയക്കും. ആർ.ടി.പി.സി.ആർ പരിശോധനയും ജനിതകശ്രേണീകരണവും നടത്താനാണ് സാമ്പിൾ അയക്കുക.
ആറ് മാസത്തിന് ശേഷമാണ് ആഗ്രയിൽ കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുന്നത്. ഇതിന് മുമ്പ് മേയ് ഒമ്പതിനാണ് കോവിഡിന്റെ ഒമിക്രോൺ വകഭേദം അവസാനമായി സ്ഥിരീകരിച്ചത്. വീണ്ടും രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ നൽകുമെന്ന് അധികൃതർ അറിയിച്ചു.
രോഗബാധ സ്ഥിരീകരിച്ച ടൂറിസ്റ്റ് ധോൽപൂർ വരെ എത്തിയത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് ആഗ്ര ടൂറിസ്റ്റ് വെൽഫെയർ ചേംബർ പ്രസിഡന്റ് പ്രഹ്ലാദ് അഗർവാൾ പറഞ്ഞു. കോവിഡ് പടരുന്നത് തടയാൻ വീണ്ടും പ്രോട്ടോകോൾ ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.