ന്യൂഡൽഹി: ക്രിമിനൽ നിയമങ്ങൾക്ക് പകരമുള്ള ബില്ലുകൾ ലോക്സഭ കടന്നു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യബിൽ എന്നിവയാണ് പാസാക്കിയത്. പ്രതിപക്ഷ ബെഞ്ചിലെ ഭൂരിപക്ഷ അംഗങ്ങളും സസ്പെൻഷനിലായിരിക്കുമ്പോഴാണ് ബില്ലുകൾ പാസാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പ്രതിപക്ഷ ബെഞ്ചിലെ 143 അംഗങ്ങളെ സസ്പെൻഡ് ചെയ്തിരുന്നു.
പുതിയ ക്രിമിനൽ നിയമങ്ങൾ സംബന്ധിച്ച് പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തിയിരുന്നു. പുതിയ ക്രിമിനൽ നിയമങ്ങളിൽ ആൾക്കൂട്ടാക്രമണത്തിന് വധശിക്ഷയാണ് ശിപാർശ ചെയ്തിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. രാജ്യദ്രോഹനിയമം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരസേനാനികളെ ദീർഘകാലം ജയിലിലിട്ടത് ഈ നിയമം ഉപയോഗിച്ചാണെന്നും അമിത് ഷാ പറഞ്ഞു.
രാജ്യദ്രോഹനിയമം ബ്രിട്ടീഷുകാരാണ് ഉണ്ടാക്കിയത്. ഇതുപ്രകാരം ബാലഗംഗാധര തിലകൻ, മഹാത്മ ഗാന്ധി, സർദാർ പട്ടേൽ തുടങ്ങി നിരവധി നേതാക്കൾക്ക് വർഷങ്ങളോളം ജയിൽ കഴിയേണ്ടി വന്നു. ഇതാദ്യമായി രാജ്യദ്രോഹനിയമം മുഴുവനായും ഒഴിവാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും ഷാ പറഞ്ഞു.ഇന്ത്യയിലെ ക്രിമിനൽ നീതി സംവിധാനത്തിന്റെ പൊളിച്ചെഴുത്താണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. നീതിക്കാണ് പുതിയ ബില്ലിൽ കൂടുതൽ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.