ന്യൂഡൽഹി: പൗരത്വ സമരം നയിച്ചതിന് ഡൽഹിയിൽ ഏറ്റവുമാദ്യം അറസ്റ്റിലായ മുൻ ആം ആദ്മി പാർട്ടി നേതാവ് കൂടിയായ പ്രമുഖ ആക്ടിവിസ്റ്റ് ഖാലിദ് സൈഫിക്ക് ഡൽഹി കോടതി ജാമ്യം നിഷേധിച്ചു. പൗരത്വ സമരത്തിന് നേതൃത്വം നൽകിയതിന് ഡൽഹി പൊലീസ് കലാപ ഗൂഢാലോചനാ കേസിൽപ്പെടുത്തി യു.എ.പി.എ ചുമത്തിയ ഖാലിദ് സൈഫിക്ക് വേണ്ടി പ്രമുഖ മലയാളി അഭിഭാഷക റബേക്ക ജോൺ നടത്തിയ വാദങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് അഡീഷനൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് ജാമ്യം നിഷേധിച്ചത്.
പൗരത്വ സമരത്തെ നേരിടാൻ ആസൂത്രണം ചെയ്ത ഡൽഹി വംശീയാക്രമണത്തിന്‍റെ ഗൂഢാലോചന തിരിച്ച് സമരനേതാക്കൾക്ക് മേൽ ആരോപിച്ചാണ് ഖാലിദ് സൈഫിക്കെതിരെ യു.എ.പിഎ ചുമത്തിയത്. ഖാലിദിനൊപ്പം അറസ്റ്റിലായ ഇശ്റത്ത് ജഹാന് ഈയിടെ ജാമ്യം അനുവദിച്ചിരുന്നു. ജെ.എൻ.യു വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്‍റെയും മീരാൻ ഹൈദറിന്‍റെയും ശർജീൽ ഇമാമിന്‍റെയും ജാമ്യ ഹരജികൾ ഇതേ കോടതി തള്ളിയിരുന്നു. പൗരത്വ സമരത്തിന് നേതൃത്വം നൽകിയതിന് ഡൽഹി കലാപ ഗൂഢാലോചന കേസിൽപ്പെടുത്തി യു.എ.പി.എ ചുമത്തിയ മുഹമ്മദ് സലീം ഖാനും ജഡ്ജി അമിതാഭ് റാവത്ത് ജാമ്യം നിഷേധിച്ചിരുന്നു.
യു.എ.പി.എ ചുമത്തപ്പെട്ട പൗരത്വസമര നേതാക്കളിൽ ആറ് പേർക്ക് മാത്രമാണ് രണ്ട് വർഷം കഴിഞ്ഞിട്ടും ജാമ്യം ലഭിച്ചത്. കോൺഗ്രസ് വനിത നേതാവും മുൻ ഡൽഹി മുനിസിപ്പൽ കൗൺസിലറുമായ ഇശ്റത്ത് ജഹാൻ, എസ്.ഐ.ഒ നേതാവ് ആസിഫ് ഇഖ്ബാൽ തൻഹ, പിഞ്ച്റ തോഡ് നേതാക്കളായ നടാഷ നർവൽ, ദേവാംഗന കലിത, സഫൂറ സർഗർ, ഫൈസാൻ ഖാൻ എന്നിവർക്കാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.