ചെന്നൈ: അടുത്ത തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പദവി വേണമെന്ന നിലപാട് കോൺഗ്രസിനില്ലെന്നും ബി.ജെ.പിയെ ഭരണത്തിൽനിന്ന് മാറ്റിനിർത്തുകയാണ് ലക്ഷ്യമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. വിഘടന ശക്തികൾക്കെതിരായ പോരാട്ടത്തിൽ മുഴുവൻ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിന്റെ 70ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ബുധനാഴ്ച വൈകീട്ട് ചെന്നൈ നന്ദനത്തെ വൈ.എം.സി.എ മൈതാനത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ മതേതര കക്ഷികൾ ഒന്നിക്കണമെന്ന് ചടങ്ങിൽ സംസാരിച്ച മറ്റു പ്രതിപക്ഷ കക്ഷിനേതാക്കളും ആഹ്വാനം ചെയ്തു.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവർണർമാരെ ഉപയോഗിച്ച് ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് ഖാർഗെ പറഞ്ഞു. ജുഡീഷ്യറി, തെരഞ്ഞെടുപ്പ് കമീഷൻ തുടങ്ങിയവ തങ്ങളുടെ കൈപ്പിടിയിലൊതുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിന് സ്റ്റാലിൻ നേതൃത്വം നൽകണം. 2024ലെ തെരഞ്ഞെടുപ്പിലും ഡി.എം.കെ-കോൺഗ്രസ് സഖ്യം മികച്ച വിജയം നേടും.
പ്രധാനമന്ത്രി പദവി വേണമെന്ന നിലപാട് കോൺഗ്രസിനില്ല. ബി.ജെ.പിയെ ഭരണത്തിൽനിന്ന് മാറ്റിനിർത്തുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പിനുശേഷം കൂടിയാലോചനയിലൂടെ നേതാവിനെ തെരഞ്ഞെടുക്കാവുന്നതാണ്. ബി.ജെ.പി സർക്കാറിന്റെ തെറ്റായ നയങ്ങൾമൂലം 23 കോടി ജനങ്ങൾ ദാരിദ്ര്യരേഖക്ക് താഴെയെത്തി. മോദി ഭരണത്തിന് കീഴിൽ യുവാക്കൾ ജോലി കണ്ടെത്താൻ പാടുപെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പ്രസ്താവിച്ചു. രാജ്യം ഇപ്പോൾ കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നതെന്നും ജനാധിപത്യവും ഭരണഘടനയും ഭീഷണിയിലാണെന്നും നാഷനൽ കോൺഫറൻസ് അധ്യക്ഷനും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല പ്രസ്താവിച്ചു. ഏത് മതക്കാരായാലും എല്ലാവരും ഇന്ത്യൻ പൗരന്മാരാണ്. സ്റ്റാലിൻ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരണം. എന്തുകൊണ്ട് അദ്ദേഹത്തിന് പ്രധാനമന്ത്രിയായിക്കൂടാ. പ്രത്യേക സാഹചര്യത്തിൽ നാം ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നും തമിഴ്നാടിനെ മാത്രമല്ല, ഇന്ത്യയെ സേവിക്കാനും സ്റ്റാലിൻ ദീർഘകാലം ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടിന്റെ വികസനത്തിന് അക്ഷീണം പ്രവർത്തിക്കുന്ന നേതാവാണ് സ്റ്റാലിനെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.