മുംബൈ: പാൽ ആവശ്യപ്പെട്ട് കരഞ്ഞ കാമുകിയുടെ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 21കാരൻ അറസ്റ്റിൽ. ഭയന്ദർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആദിൽ മുനവർ ഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വയസുകാരി സോനാലിയാണ് ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം കുട്ടിയുടെ മാതാവ് പൂജ വാഗും പ്രതിയും ഒരുമിച്ചായിരുന്നു താമസം. രണ്ട് മക്കളാണ് പൂജക്കുള്ളത്. ആറ് വയസ്സുകാരിയായ ആദ്യ മകൾ മുൻ ഭർത്താവിനോടൊപ്പമാണ് താമസം.
സ്വകാര്യ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരിയായ പൂജ ചൊവ്വാഴ്ച രാത്രി ജോലിക്ക് പോയ സമയത്താണ് കൊലപാതകം. സൊനാലി വീണ് പരിക്കേറ്റതായി പ്രതി പൂജയെ അടുത്തദിവസം ഫോണിൽ വിളിച്ചറിയിച്ചു. മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതിനിടെ കുട്ടി വീഴുകയായിരുന്നുവെന്നും ഉടനെ ടെംഭെ ആശുപത്രിയിലേക്ക് വരണമെന്നും നിർദേശിച്ചു.
പൂജ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നതായി അവർ പൊലീസിനോട് പറഞ്ഞു. മരണത്തിൽ അസ്വഭാവികത തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്.
കുഞ്ഞ് പാലിന് വേണ്ടി കരഞ്ഞതിൽ പ്രകോപിതനായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പൊലീസിൽ മൊഴി നൽകി. കുട്ടിയുടെ മരണം അസ്വാഭാവികമാണെന്നും ശ്വാസംമുട്ടൽ മൂലമാണ് മരണം സംഭവിച്ചതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. പാലിന് വേണ്ടി കരയുമ്പോഴെല്ലാം ഖാൻ കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നതായി പൂജ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.