കോയമ്പത്തൂർ/കുഴൽമന്ദം: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വേനൽക്കാല വസതിയായിരുന്ന കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരനെ കൊലപ്പെടുത്തി കവർച്ചക്ക് ശ്രമിച്ച കേസിലെ പ്രതികൾ വ്യത്യസ്തയിടങ്ങളിൽ വാഹനാപകടങ്ങളിൽപ്പെട്ടു. ഒന്നാംപ്രതി എടപ്പാടി ചിന്നസമുദ്രം ചിത്തിരപാളയത്തെ കനകരാജ് സേലത്തും രണ്ടാംപ്രതി കോയമ്പത്തൂർ കെ.സി.സി ടവറിൽ വി.സി.പി ലേ ഔട്ടിൽ കെ.വി. സയൻ പാലക്കാട്ടുമാണ് അപകടത്തിൽപ്പെട്ടത്. കനകരാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സയനെ അതിഗുരുതര നിലയിൽ കോയമ്പത്തൂർ കുപ്പുസ്വാമി നായിഡു മെമോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ഭാര്യ വിനുപ്രിയ (30), മകൾ നീതു (ആറ്) എന്നിവർ മരിച്ചു. പൊലീസ് തേടുന്ന ഒന്നും രണ്ടും പ്രതികൾ 24 മണിക്കൂറിനകം വ്യത്യസ്ത അപകടങ്ങളിൽ കൊല്ലപ്പെട്ടതിൽ ദുരൂഹതയുയർന്നിട്ടുണ്ട്. സംഭവം രാഷ്ട്രീയ കേന്ദ്രങ്ങളിലും പൊലീസിലും ഞെട്ടലുളവാക്കി. കനകരാജിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും സയൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്നുമാണ് പറയപ്പെടുന്നത്.
വെള്ളിയാഴ്ച രാത്രി സേലം ആത്തൂരിന് സമീപമുണ്ടായ അപകടത്തിലാണ് കനകരാജ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് ഇയാൾ എടപ്പാടിയിലെത്തിയത്. സുഹൃത്തിെൻറ ബൈക്കിൽ ആത്തൂർ ശക്തിനഗറിലെ ബന്ധുവീട്ടിലെത്തി മടങ്ങവെ ചെന്നൈ -സേലം ബൈപാസ് റോഡിലെ തെന്നങ്കുടിപാളയം ചന്ദനഗിരി പിരിവിലാണ് ബംഗളൂരുവിൽനിന്ന് പെരമ്പലൂരിലേക്ക് വരികയായിരുന്ന കർണാടക രജിസ്ട്രേഷൻ ഫോർഡ് കാർ ഇടിച്ചത്. ആത്തൂർ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കനകരാജിെൻറ ജ്യേഷ്ഠനും അണ്ണാ ഡി.എം.കെ പ്രാദേശിക നേതാവുമായ ധനപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാർ ഡ്രൈവർ തമ്മംപട്ടി സ്വദേശി റഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ചാശ്രമക്കേസിൽ കനകരാജിനെ തേടി പൊലീസ് ചെന്നൈയിലേക്ക് പോയിരുന്നു. പിടിയിലാവുമെന്നുറപ്പായതോടെ എടപ്പാടിയിലെത്തിയ ഇയാൾ ആത്തൂർ പൊലീസിൽ കീഴടങ്ങാനും പദ്ധതിയിട്ടിരുന്നു. അതിനിടെയാണ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്.
2011^13 കാലത്ത് ജയലളിതയുടെ ഡ്രൈവറായിരുന്നു. ഡ്രൈവർ പദവി ദുരുപയോഗപ്പെടുത്തിയതോടെ പുറത്താക്കി. പിന്നീട് ചെന്നൈ വടപളനിയിൽ ടാക്സി ഡ്രൈവറായിരുന്നു. കലൈവാണിയാണ് ഭാര്യ. ഒരു വയസ്സുള്ള പെൺകുഞ്ഞുണ്ട്. കവർച്ച കേസന്വേഷിക്കുന്ന ഡി.എസ്.പി ശക്തിവേൽ, ഇൻസ്പെക്ടർ ബാലമുരളി എന്നിവരുടെ നേതൃത്വത്തിൽ ആത്തൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അപകടസാധ്യത വളരെ കുറഞ്ഞ സ്ഥലത്താണ് സംഭവെമന്നും ദുരൂഹതയുണ്ടെന്നും സഹോദരൻ ധനപാൽ പറഞ്ഞു.
കേസിലെ രണ്ടാംപ്രതി സയൻ ഓടിച്ച കാർ പാലക്കാട് കണ്ണാടി കാഴ്ചപറമ്പിൽ നിർത്തിയിട്ട ലോറിയിലിടിച്ചാണ് ഭാര്യയും മകളും മരിച്ചത്. ശനിയാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. കോയമ്പത്തൂരിൽനിന്ന് ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്നു ഇവർ. സയനെ ആദ്യം പാലക്കാട്ടും പിന്നീട് കോയമ്പത്തൂരിലേക്കും മാറ്റി. ഇരിങ്ങാലക്കുട സ്വദേശികളായ ഇവർ വർഷങ്ങളായി കോയമ്പത്തൂരിലാണ് താമസം. വിശദമായ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തൃശൂർ മെഡി. കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.