ബിധൂരിയെ തടയാതെ കൊടിക്കുന്നിൽ; എഴുന്നേറ്റ ഡാനിഷ് അലിയോട് ഇരിക്കാൻ ആവശ്യപ്പെട്ടു

ന്യൂഡൽഹി: ബി.ജെ.പി നേതാവ് രമേശ് ബിധൂരി ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരെ വംശീയ അധിക്ഷേപം നടത്തുമ്പോൾ ഇടപെടാതെ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പി കൊടിക്കുന്നിൽ സുരേഷ്. അർധരാത്രിവരെ നീണ്ട ചന്ദ്രയാൻ ചർച്ചയിൽ രമേശ് ബിധുരി സംസാരിക്കുമ്പോൾ ചെയറിലുണ്ടായിരുന്നത് ​മുതിർന്ന അംഗമായ കൊടിക്കുന്നിൽ സുരേഷ് ആയിരുന്നു. എന്നാൽ, ബിധൂരിയിൽ നിന്നും വംശീയ അധിക്ഷേപമുണ്ടായപ്പോൾ ഇടപെടാതിരുന്ന കൊടിക്കുന്നിൽ സുരേഷ് പരാമർശങ്ങളെ തുടർന്ന് എഴുന്നേറ്റ ഡാനിഷ് അലിയോട് ഇരിക്കാൻ ആവശ്യപ്പെട്ടു.

ബിധൂരിയുടെ പ്രസംഗത്തിനിടെ ശക്തമായി ഡാനിഷ് അലി പ്രതിഷേധിച്ചപ്പോൾ താൻ പരിശോധിച്ച് സഭാ​രേഖകളിൽനിന്ന് നീക്കുമെന്ന് മറുപടി നൽകിയ കൊടിക്കുന്നിൽ രമേശ് ബിധുരിയെ വിദ്വേഷപ്രസംഗം തുടരാൻ അനുവദിക്കുകയും ചെയ്തു.പാർലമെന്റിന് നിരക്കാത്ത പദപ്രയോഗങ്ങൾ നടത്തുന്നവരെ സാധാരണഗതിയിൽ ചെയർ ഇടപെട്ട് അപ്പോൾത്തന്നെ താക്കീത് ചെയ്യുകയും വീണ്ടും തുടർന്നാൽ മൈക്ക് ഓഫ് ചെയ്ത് അടുത്തയാളെ സംസാരിക്കാനായി വിളിക്കുകയുമാണ് ചെയ്യാറ്. എന്നാൽ കൊടിക്കു​ന്നിൽ ബിധൂരിയുടെ പ്രസംഗത്തിൽ ഇടപെട്ടില്ല. തെറിവാക്കുകൾ വിളിക്കുന്നത് എഴുന്നേറ്റ് ചോദ്യംചെയ്ത അലിയോട് ഇരിക്കാൻ നിരന്തരം പറഞ്ഞുകൊണ്ടിരുന്ന കൊടിക്കുന്നിൽ അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞ രമേശ് ബിധുരിയുടെ മൈക്ക് ഓഫ് ചെയ്യാനും തയാറായതുമില്ല.

ചന്ദ്രയാൻ 3ന്‍റെ വിജയത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു ഡാനിഷ് അലിക്കെതിരെ ബി.ജെ.പി എം.പിയായ രമേശ് ബിധുരി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നുമടക്കമുള്ള അപകീർത്തികരമായ പരാമർശങ്ങളാണ് ബി.ജെ.പി എം.പി നടത്തിയത്. ‘ഈ മുല്ലയെ നാടുകടത്തണം. ഇയാൾ ഒരു തീവ്രവാദിയാണ്’ എന്നാണ് ബിധുരി പറയുന്നത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളുൾപ്പെടെ നിരവധി പേരാണ് കടുത്ത പ്രതിഷേധമുയർത്തിയത്. ലോക്സഭയിൽ നടന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പിന്നീട് രംഗത്തെത്തിയിരുന്നു.


Tags:    
News Summary - Kodikunnil suresh didint stop ramesh biduri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.