കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ ആശുപത്രിയിൽ ട്രെയിനീ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ വേഗത്തിൽ കണ്ടെത്താൻ പൊലീസിന് തുണയായത് ക്രൈം സീനിൽ നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഇയർ ഫോൺ. സഞ്ജയ് റായ് എന്നയാളെയാണ് കൊല നടന്ന് മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തത്.
കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിലാണ് 28കാരിയായ ഡോക്ടറുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. ബലാത്സംഗത്തിനു ശേഷം ഡോക്ടറെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം.
കൊൽക്കത്ത പൊലീസ് സ്ഥലത്തെത്തി വിശദമായ തെളിവെടുപ്പ് നടത്തിയിരുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിച്ച് പ്രതിയാകാൻ സാധ്യതയുള്ള ആളുകളുടെ പട്ടിക പൊലീസ് തയാറാക്കി. പൊലീസ് ശേഖരിച്ച തെളിവുകളിൽ ഒരു ബ്ലൂടൂത്ത് ഇയർ ഫോൺ ഉണ്ടായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തുനിന്നാണ് ഇത് ലഭിച്ചത്.
സംശയമുള്ളവരെയെല്ലാം വിളിച്ചുവരുത്തി ചോദ്യംചെയ്തപ്പോൾ എല്ലാവരും കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. ഇതോടെ പൊലീസ് എല്ലാവരുടെയും മൊബൈൽ ഫോണുകൾ വാങ്ങി ബ്ലൂടൂത്ത് ഓൺ ചെയ്തു. ഇതിൽ, സഞ്ജയ് റോയിയുടെ ഫോണുമായി ബ്ലൂടൂത്ത് ഇയർ ഫോൺ ഓട്ടോമാറ്റിക്കലി പെയർ ആവുകയായിരുന്നു. ഇതോടെ, ഇയാളുടേതാണ് ഇയർ ഫോൺ എന്ന് വ്യക്തമായി. വെള്ളിയാഴ്ച അതിരാവിലെ ഇയാൾ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ ലഭിച്ചിരുന്നു.
വിശദമായ ചോദ്യംചെയ്യലിൽ പ്രതിക്ക് കുറ്റം സമ്മതിക്കേണ്ടിവന്നു. സഞ്ജയ് റോയ് ഒറ്റക്കാണോ, അതോ മറ്റാരെങ്കിലും ഒപ്പമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
പൊലീസിന്‍റെ സഹായിയായി പ്രവർത്തിക്കുന്ന സിവിക് പൊലീസ് വളണ്ടിയർ ആണ് പ്രതി സഞ്ജയ് എന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ അസിസ്റ്റന്‍റുമാരായി ജോലി ചെയ്യുന്ന പദവിയാണിത്. ആശുപത്രികളിൽ പൊലീസുകാർ അഡ്മിറ്റ് ആവുമ്പോൾ ഇത്തരക്കാരാണ് സഹായികളായി ഒപ്പമുണ്ടാവുക.
ഡോക്ടറുടെ കൊലപാതകത്തിൽ ബംഗാളിലെങ്ങും വ്യാപക പ്രതിഷേധമുയരുകയാണ്. വിവിധ ആശുപത്രികളിൽ ഡോക്ടർമാരുടെ സമരവും പ്രതിഷേധ പ്രകടനങ്ങളും നടന്നു.
ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രതിക്ക് വധശിക്ഷ വാങ്ങിനൽകുമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. കേസ് ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് മാറ്റി എത്രയും വേഗം ശിക്ഷ പ്രഖ്യാപിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.