ഓടിത്തുടങ്ങിയതുമുതൽ അപകടങ്ങളുടെയും അസ്വാരസ്യങ്ങളുടെയും നടുവിലാണ് കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് ബസ് സർവീസുകൾ. അപകട പരമ്പരകൾ വാർത്തയായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ സി.പി.എം അനുകൂലികളായവർ മാധ്യമങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഏറ്റവും ഒടുവിലായി ഇന്നും സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടിരിക്കുകയാണ്.
താമരശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഭിത്തിയിലിടിച്ചു. സുൽത്താൻ ബത്തേരി-തിരുവനന്തപുരം ഡീലക്‌സ് ഏയർ ബസാണ് താമരശേരി ചുരത്തിൽ ഭിത്തിയിലിടിച്ചത്. ഇന്നലെ രാത്രി എട്ടാം വളവിലെ ഭിത്തിയിലാണ് ബസിടിച്ചത്. താമരശേരി ചുരത്തിലെ ആറാം വളവിൽ ഇന്നലെ തിരുവനന്തപുരം - മാനന്തവാടി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും അപകടത്തിൽപ്പെട്ടിരുന്നു.
നേരത്തെ അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റ് ബസിലെ താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടിരുന്നു. സ്വിഫ്റ്റ് സർവ്വീസുകൾ തുടങ്ങി ആദ്യ 24 മണിക്കൂറിനുള്ളിലാണ് രണ്ട് അപകടങ്ങളും നടന്നിരുന്നത്. തിരുവനന്തപുരം കല്ലമ്പലത്തും മലപ്പുറം ചങ്കുവട്ടിയിലുമാണ് കെ-സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടിരുന്നത്. കല്ലമ്പലത്ത് എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോയി. ഗ്ലാസിന് 35,000 രൂപ വിലയുണ്ടെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. പകരം കെ.എസ്.ആർ.ടി.സിയുടെ മിറർ സ്ഥാപിച്ചാണ് സർവീസ് തുടർന്നത്. ചങ്കുവട്ടിയിൽ കെ-സ്വിഫ്റ്റ് ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർച്ചയായ അപകടങ്ങൾക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് കെ.എസ്.ആർ.ടി.സി ആരോപിക്കുന്നു. അതേസമയം, സ്വകാര്യ ബസ് ലോബിയും ചില മാധ്യമങ്ങളും ചേർന്നാണ് അപകട വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നാണ് സി.പി.എം അനുകൂലികളായവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.