ഹൈദരാബാദ്: ഹിന്ദുത്വവാദികളുടെ ആക്രമണം നേരിടുന്ന സ്റ്റാൻഡ്അപ് കൊമേഡിയൻമാരായ കുനാൽ കമ്രയെയും മുനവർ ഫാറൂഖിയെയും ഹൈദരബാദിലേക്ക് പരിപാടി അവതരിപ്പിക്കാൻ ക്ഷണിച്ച് തെലങ്കാന മന്ത്രി കെ.ടി രാമറാവു. ഇരുവർക്കും ബംഗളൂരുവിൽ പരിപാടി അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് കെ.ടി.ആറിന്‍റെ ക്ഷണം.
''ഞങ്ങൾ പരിപാടികൾ റദ്ദാക്കാറില്ല, പ്രത്യേകിച്ച് മുനവർ ഫാറൂഖിയുടെയും കുനാൽ കുനാൽ കമ്രയുടെയും രാഷ്ട്രീയവുമായി ഞങ്ങൾ യോജിക്കുന്നില്ല എന്ന കാരണത്താൽ''. -തെലങ്കാന ഐ.ടി മന്ത്രിയായ കെ.ടി.ആർ പറഞ്ഞു. ഇൻഷുറൻസ് ആൻഡ് ഫിനാൻഷ്യൽ കമ്പനിയായ 'മാസ് മ്യൂച്വലി'ന്റെ ഹൈദരാബാദ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
'ഇത് കേൾക്കുന്ന ബെംഗളൂരുവിലെ ആളുകളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്, നിങ്ങളുടേത് ഒരു കോസ്‌മോപൊളിറ്റൻ നഗരമാണെന്നാണ് അവകാശപ്പെടുന്നത്, അതേസമയം, നിങ്ങൾ കോമഡി വളരെ ഗൗരവമായി എടുക്കുകയും ചെയ്യുന്നു, അതെനിക്ക് മനസിലാവുന്നില്ല. -കെ.ടി.ആർ പരിഹസിച്ചു. ഹൈദരാബാദ് എല്ലാ സംസ്കാരങ്ങളെയും സ്വീകരിക്കുന്ന നഗരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദുത്വവാദികളുടെ ആക്രമണത്തെ തുടർന്ന് കുനാൽ കമ്രയുടെയും മുനവർ ഫാറൂഖിയുടെയും നിരവധി ഷോകളാണ് റദ്ദാക്കിയത്. ബംഗളൂരുവിലെ ഷോയും റദ്ദാക്കിയതിന് പിന്നാലെ മുനവർ ഫാറൂഖി സ്റ്റാൻഡ് അപ് കോമഡി ഷോ അവതരണം നിർത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസർക്കാറിന്‍റെയും ബി.ജെ.പിയുടെയും നിരന്തര വിമർശകരാണ് ഇരുവരും. ഹിന്ദുത്വ വിമർശനത്തിന്‍റെ പേരിൽ മുനവർ ഫാറൂഖി ഈ വർഷം ആദ്യം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ബി.ജെ.പി എം.എൽ.എയുടെ മകന്‍റെ പരാതിയിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.