ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ മുഖ്യമന്ത്രിയായി തുടരുമായിരുന്നുവെന്ന് കുമാരസ്വാമി

ബംഗളൂരു: ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ അഞ്ചുവർഷത്തേക്ക് മുഖ്യമന്ത്രിയായി തുടരുമായിരുന്നുവെന്നും 2018 ൽ കോൺഗ്രസിെൻറ ചതിക്കുഴിയിൽ വീണുപോവുകയായിരുന്നുവെന്നും മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. 2006 ൽ ബി.ജെ.പിയുമായി സഖ്യം പിരിഞ്ഞ് മുഖ്യമന്ത്രിസ്ഥാനം ഒഴിവാക്കിയപ്പോഴും ജനങ്ങളുടെ പിന്തുണ തുടർന്നു.

എന്നാൽ, 2018 ൽ കോൺഗ്രസുമായി സഖ്യം ചേർന്നശേഷം സിദ്ധരാമയ്യയും കൂട്ടാളികളും 12 വർഷമായി താൻ കാത്തുസൂക്ഷിച്ച പ്രതിച്ഛായ തകർത്തുവെന്ന് കുമാരസ്വാമി ആരോപിച്ചു.

പിതാവായ േദവഗൗഡ പറഞ്ഞതുകൊണ്ട് മാത്രമാണ് കോൺഗ്രസിെൻറ ചതിക്കുഴിയിലേക്ക് നടന്നത്. 2006 ൽ ബി.ജെ.പിയുമായി സംഭവിച്ചതിനേക്കാൾ കോൺഗ്രസിെൻറ ഈ ചതി തന്നെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. മതേതരത്തിൽ വിശ്വസിക്കുന്ന പ്രായമായ പിതാവ് ദേവഗൗഡയെ വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത്.

മുഖ്യമന്ത്രിയായ 18 മാസത്തിനുള്ളിൽ കോൺഗ്രസ് എം.എൽ.എമാരുടെ മണ്ഡലങ്ങളിലേക്ക് മാത്രം 19,000 കോടി അനുവദിച്ചു. എന്നിട്ടും സിദ്ധരാമയ്യയും സംഘവും ത‍െൻറ പ്രതിച്ഛായ തകർക്കാനുള്ളതെല്ലാം ചെയ്തു. ആരെയൊക്കെ വളരാൻ ജെ.ഡി.എസ് അവസരം ഉണ്ടാക്കിയിട്ടുണ്ടോ അവരെല്ലാം പിന്നീട് പിന്നിൽനിന്നും കുത്തി. ശരിയായ സമയത്തിന് താൻ കാത്തിരിക്കുകയാണ്. താഴെ തട്ടിൽനിന്നും ജെ.ഡി.എസിന് സംസ്ഥാനത്ത് ശക്തിപ്പെടുത്താനുള്ള നയമുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. എന്നാൽ, ബി.ജെ.പിയുമായി ജെ.ഡി.എസ് അടുക്കുകയാണെന്ന ആരോപണങ്ങളെയും കുമാരസ്വാമി തള്ളി. അടുത്തിടെ പലതവണയായി യെദിയൂരപ്പയുമായി കുമാരസ്വാമി ചർച്ച നടത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.