സീവുഡ് സമാജത്തിന്റെ വാർഷികാഘോഷ ചടങ്ങിൽ നോവലിസ്റ്റ് ബാലകൃഷ്ണൻ സംസാരിക്കുന്നു

വിശാലമായ വായനയിലൂടെ ഭാഷയെ സ്വന്തമാക്കണം - നോവലിസ്റ്റ് ബാലകൃഷ്ണൻ

മുംബൈ : വിശാലവും സമ്പന്നവും വൈവിധ്യവുമാർന്ന മലയാള സാഹിത്യകൃതികൾ വായിച്ചു ഭാഷയെ സ്വന്തമാക്കണമെന്നും അതിനെ സജീവമായി നിലനിർത്താനുള്ള ഉത്തരവാദിത്തങ്ങൾ സമാജങ്ങൾ ഏറ്റെടുക്കണമെന്നും നോവലിസ്റ്റ് ബാലകൃഷ്ണൻ പറഞ്ഞു.

മുംബൈയിലെ ശ്രദ്ധേയമായ സമാജങ്ങളിലൊന്നായ സീവുഡ്‌സ് സമാജത്തിന്റെ 22ആമത് വാർഷികാഘോഷം ഉദ്‌ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സർക്കാരിന്റെ മലയാളം മിഷൻ ആവിർഭവിക്കുന്നതിനു മുൻപ് തന്നെ മലയാളം ക്ലാസുകൾ ആരംഭിച്ച സമാജങ്ങളിലൊന്നായ സീവുഡ്‌സ് മലയാളി സമാജം ഭാഷയെ സമ്പന്നമാക്കുവാനും കുട്ടികളിൽ വായനാശീലം വളർത്തുവാനുമുള്ള ചുമതലയേൽക്കുമെന്ന്, മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ 'നഗരത്തിലെ മുഖം' എന്ന നോവലെഴുതിയ ബാലകൃഷ്ണൻ പ്രത്യാശിച്ചു.

മലയാളികളായ നമ്മൾ വലിയ വലിയ സ്വപ്‌നങ്ങൾ കാണണമെങ്കിൽ മലയാളം പഠിച്ചേ തീരൂ എന്നും കേരളത്തിന്റെ തനിമയും സംസ്കാരവും ആഘോഷങ്ങളും അനുഷ്ഠാനങ്ങളും ഉൾക്കൊള്ളണമെങ്കിൽ മലയാള ഭാഷ പഠിക്കുക തന്നെ വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എഴുത്തിൻ്റെ അര നൂറ്റാണ്ട് പിന്നിട്ട നഗരത്തിൻ്റെ പ്രിയ നോവലിസ്റ്റും മുംബൈയിലെ മുൻ മലയാളം മിഷൻ കൺവീനറുമായിരുന്ന എഴുത്തുകാരൻ മലയാളം ക്ലാസ്സിലെ കുട്ടികളിൽ നിന്നും ചോദ്യം സ്വീകരിച്ചതും ശ്രദ്ധേയമായി.

പ്രവാസിജീവിതം പകരുന്ന പ്രിയങ്കരമായ ചൂടും ചൂരും മലയാള സാഹിത്യത്തിന് സത്യം തുളുമ്പുന്ന സ്ഫടിക പ്രവാഹങ്ങളിലൂടെ നൽകിയ നോവലിസ്റ്റാണ് ബാലകൃഷ്ണനെന്നു സീവുഡ്‌സ് മലയാളി സമാജത്തിന്റെ വാർഷികാഘോഷം അടയാളപ്പെടുത്തി.

ചടങ്ങിൽ വിശിഷ്ടാതിഥിയായ നോർക്ക ഡിവലപ്മെന്റ് ഓഫീസർ ഷമീം ഖാൻ വായനയുടെ പ്രസക്തിയും ഭാഷയുടെ അതിജീവന സാദ്ധ്യതകളെയും ചൂണ്ടിക്കാട്ടി. ജീവിതത്തിന്റെ വെല്ലുവിളികളെ സുധീരമായി നേരിടാൻ പുതിയ തലമുറ വായനയുടെ സഹായത്തോടെ സജ്‌ജമാകണമെന്നു ഷമീം ഖാൻ അഭിപ്രായപ്പെട്ടു.

എൻ.ആർ.ഐ. കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ അരുൺ മാനിക് പാഥാർ മുഖ്യാതിഥിയായിരുന്നു.

സമാജത്തിലെ ഏറ്റവും മുതിർന്ന പത്തു അംഗങ്ങളെ ആദരിച്ചതും അവരുടെ ഗൃഹാതുരത്വമുണർത്തുന്ന ഓർമക്കുറിപ്പുകളും ആഘോഷങ്ങൾക്ക് മിഴിവേകി. സമാജത്തിന്റെ വളർച്ചക്കും ഉയർച്ചക്കും കൈത്താങ്ങായി നിന്ന സഹായഹസ്തങ്ങളെയും വാർഷികാഘോഷത്തിൽ അംഗങ്ങൾ ആദരിച്ചു.

രമേശ് നായരുടെ ഗണേശ സ്തുതിയിൽ തുടങ്ങിയ വാർഷികാഘോഷങ്ങൾക്കു സമാജം നൃത്താധ്യാപിക സുസ്മിത രതീഷിൻ്റെ നേതൃത്വത്തിൽ നടന്ന നൃത്തനൃത്യങ്ങൾ കൊഴുപ്പേകി. മലയാളം ക്ലാസ്സിലെ കുട്ടികൾ മാത്രം പങ്കെടുത്ത ഇടശ്ശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി.

തുടർന്ന് കേരളത്തിൽ നിന്നെത്തിയ ജൂനിയർ ഇന്നസെന്റ് എന്നറിയപ്പെടുന്ന ജോബ് ചേന്നവേലിൽ മജീഷ്യൻ പ്രേംദാസ് എന്നിവരുടെ സ്റ്റേജ് ഷോയും അരങ്ങേറി.

കേരളീയ കേന്ദ്ര സംഘടനാ പ്രസിഡണ്ട് ടി എൻ ഹരിഹരൻ, മലയാളം മിഷൻ കോർഡിനേറ്റർ , നവി മുംബൈ മേഖല വത്സൻ മൂർക്കോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. മറ്റു സമാജങ്ങളിലേയും സാംസ്‌കാരിക സംഘടനകളിലെയും ഭാരവാഹികളെയും സീവുഡ്‌സ് സമാജം ആദരിച്ചു.

സെക്രട്ടറി രാജീവ് നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ഇ കെ നന്ദകുമാർ ആമുഖ പ്രസംഗം നടത്തി. കൺവീനർ വി ആർ രഘുനന്ദനൻ നന്ദി പറഞ്ഞു.

Tags:    
News Summary - Language should be acquired through wide reading - Novelist Balakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.