മോർബി തൂക്കുപാല കരാർ അജന്ത കമ്പനിക്ക് നൽകിയ പാരിതോഷികമോ; രൂക്ഷ വിമർശനവുമായി ഹൈകോടതി

ഗാന്ധിനഗർ: ഗുജറാത്തിൽ മോർബി തൂക്കുപാലം തകർന്ന് 130 ലേറെ പേരുടെ ജീവൻനഷ്ടമായ സംഭവത്തിൽ തദ്ദേശ സ്ഥാപനത്തെ രൂക്ഷമായി വിമർശിച്ച് ​ഹൈകോടതി. തുക്കുപാലം പുനർ നിർമാണത്തിന് കരാർ നൽകിയതുപോലും ശരിയായ രീതിയലല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പൊതു പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് എന്തുകൊണ്ടാണ് ടെൻഡർ വിളിക്കാതിരുന്ന​തെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയോട് ഹൈകോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ ചോദിച്ചു.

പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി 15 വർഷ​ത്തേക്ക് ഒറേവ ഗ്രൂപ്പിനാണ് മോർബി നഗരസഭ കരാർ നൽകിയത്. അജന്ത വാൾ ക്ലോക്കുകൾ നിർമിക്കുന്ന കമ്പനിയാണ് ഒറേവ.

135 പേർ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ സ്ഥാപനമായ നഗരസഭയുടെതാണ് കുറ്റമെന്ന് കോടതി നിരീക്ഷിച്ചു.

ഇത്രയും പ്രധാന ജോലിയുടെ കരാർ എങ്ങനെയാണ് ഒന്നരപ്പേജിൽ തീർത്തത്? ടെൻഡർ പോലും വിളിക്കാതെ സംസ്ഥാനം അജന്ത കമ്പനിക്ക് പാരിതോഷികം നൽകുകയായിരുന്നോ എന്നും കോടതി ചോദിച്ചു. 2008 ലെ കരാർ 2017ന് ശേഷം പുതുക്കാതിരുന്നിട്ടും എന്ത് അടിസ്ഥാനത്തിലാണ് കമ്പനി 2017 ന് ശേഷവും പാലത്തിന്റെ മേൽനോട്ടം വഹിച്ചതെന്നും ​കോടതി ചോദിച്ചു.

മോർബി പാലം അപകടത്തിൽ കോടതി സ്വ​യമേവ കേസ് രജിസ്റ്റർ ചെയ്യുകയും ആറ് വകുപ്പുകളിൽ നിന്ന് മറുപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് അശുതോഷ് ജെ. ശാസ്​ത്രി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തിൽ വാദം കേൾക്കുന്നത്.

സംഭവത്തിൽ കരാർ കമ്പനിയുടെ ചില ജീവനക്കാരാണ് അറസ്റ്റിലായത്. എന്നാൽ ഏഴു കോടിയുടെ കരാറില ഒപ്പിട്ട ഉന്നത ഉദ്യോഗസ്ഥരാരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. 150 വർഷം പഴക്കമുള്ള പാലം പുനർനിർമാണം പൂർത്തിയായി തുറക്കാൻ തീരുമാനിച്ചതിനു മുമ്പ് തുറന്നുകൊടുത്തതുമായി ബന്ധപ്പെട്ടും ആർക്കെതിരെയും നടപടിയില്ല. കരാറിന്റെ ആദ്യ ദിവസം മുതലുള്ള എല്ലാ ഫയലുകളും മുദ്രവെച്ച കവറിൽ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

അതേസമയം, അപകടമുണ്ടായപ്പോൾ മിന്നൽ വേഗതയിൽ പ്രവർത്തിച്ച് നിരവധി ജീവനുകൾ രക്ഷിച്ചുവെന്ന് സർക്കാർ അവകാശപ്പെട്ടു. ഒമ്പതു പേ​രെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റാരെയെങ്കിലും കുറ്റക്കാരായി കണ്ടെത്തുകയാണെങ്കിൽ അവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് സറക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Tags:    
News Summary - "Largesse Of State...": Court's Strong Remarks On Gujarat Bridge Tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.