രാഹുലിനെ ചോദ്യംചെയ്തത് 12 മണിക്കൂർ

ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ അഞ്ചാം ദിവസത്തെ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. അര്‍ധരാതി വൈകിയും 12 മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് രാഹുൽ ഇ.ഡി ഓഫിസിൽ നിന്ന് മടങ്ങിയത്. തുടർച്ചയായി ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അര മണിക്കൂർ നേരത്തെ ഇടവേള മാത്രമാണ് ഇ.ഡി രാഹുലിന് നൽകിയത്.

ഇടവേള ചുരുക്കി തുടർച്ചയായ ചോദ്യംചെയ്യലാണ് ചൊവ്വാഴ്ച നടന്നത്. രാവിലെ ഇ.ഡി ഓഫിസിൽ എത്തിയ രാഹുൽ രാത്രി എട്ടരയോടെ അര മണിക്കൂർ മാത്രം ഇടവേള എടുത്തു. തുടർന്ന് വീണ്ടും ചോദ്യം ചെയ്യൽ.

അഞ്ചു ദിവസത്തിനിടെ ചോദ്യം ചെയ്യൽ 50 മണിക്കൂർ പിന്നിട്ടു. രാഹുലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി കഴിഞ്ഞാൽ, തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഊഴമാണ്. കോവിഡാനന്തര അസുഖങ്ങളുടെ ചികിത്സക്കുശേഷം കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വിശ്രമത്തിലാണ് സോണിയ. വ്യാഴാഴ്ച ഹാജരാകാനാണ് സോണിയക്ക് നേരത്തേ ഇ.ഡി നൽകിയ സമൻസ്.

മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധി, രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ പൊതുസ്ഥാനാർഥി നിർണയം തുടങ്ങിയ സുപ്രധാന ചർച്ചകളിൽ കോൺഗ്രസ് ഹൈകമാൻഡിന് നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല.

വിശ്രമത്തിലുള്ള സോണിയ ഗാന്ധിയോ ചോദ്യം ചെയ്യൽ നേരിടുന്ന രാഹുൽ ഗാന്ധിയോ രണ്ടുവട്ടം നടന്ന രാഷ്ട്രപതി സ്ഥാനാർഥി നിർണയ ചർച്ചകളിൽ പങ്കെടുത്തില്ല. മഹാരാഷ്ട്രയിൽ കോൺഗ്രസ് കൂടി പങ്കാളിയായ ഭരണസഖ്യം ആടിയുലഞ്ഞ സംഭവങ്ങളിൽ, ഹൈകമാൻഡ് പ്രതിനിധിയായി മുതിർന്ന നേതാവ് കമൽനാഥിനെ അയക്കുകയാണ് ചെയ്തത്.

Tags:    
News Summary - Late night interrogation of Rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.