ബംഗളുരു: കർണാടകയെ നടുക്കിയ ബജ്‌റംഗ്ദൾ പ്രവർത്തകന്‍റെ കൊലപാതകത്തിന് ശേഷം ശിവമൊഗയിലെ ക്രമസമാധാന നില നിയന്ത്രണ വിധേയമാണെന്ന് ഈസ്റ്റേൺ റേഞ്ച് ഡി.ഐ.ജി ഡോ. കെ. ത്യാഗരാജൻ. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്നുംദ്ദേഹം പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നടന്ന കൊലപാതകം കർണാടകയെ ഞെട്ടിച്ചിരുന്നു. സ്ഥിതിഗതികൾ ശാന്തമാക്കാന്‍ ചൊവ്വാഴ്ച രാവിലെ വരെ പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ഹിജാബ് പ്രതിഷേധം കൊടുമ്പിരികൊണ്ടിരിക്കെ കോൺഗ്രസ് കർണാടക അധ്യക്ഷനായ ഡി.കെ ശിവകുമാർ നടത്തിയ പരാമർശങ്ങളാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സംസ്ഥാന ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പ ആരോപിച്ചിരുന്നു. ഇത് പ്രദേശത്ത് സംഘർഷങ്ങൾക്കും രാഷ്ട്രീയ വേർതിരിവിനും കാരണമായി. എന്നാൽ ഹിജാബ് വിവാദവുമായി കൊലപാതകത്തിന് പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഞായറാഴ്ച രാത്രിയാണ് 26 വയസുകാരനായ ഹർഷയെ നാലുപേർ ചേർന്ന് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഉടൻ തന്നെ പൊലീസിനെ വിന്യസിക്കുകയും പൊതുയോഗങ്ങൾ നിരോധിക്കുകയും ചെയ്തിരുന്നു.
കർണാടകയിലെ ബി.ജെ.പി എം.എൽ.എ എം.പി രേണുകാചാര്യ, ഹർഷയുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.