കൊൽക്കത്ത: ഇടത് -കോൺഗ്രസ് വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിചാർജിൽ പ്രതിഷേധിച്ച് ബംഗാളിൽ ഇടതുസംഘടനകളുടെ 12 മണിക്കൂർ ബന്ദ്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ബന്ദ്.
ഇടതുപക്ഷ - കോൺഗ്രസ് വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് അതിക്രമം അരങ്ങേറിയിരുന്നു. ജോലിയും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും വേണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു 'നബന്ന അഭിയാൻ' പരിപാടി. ഇതിന് അനുബന്ധിച്ച് നടത്തിയ സെക്രട്ടറിയറ്റ് മാർച്ചിന് നേരെയായിരുന്നു പൊലീസ് ലാത്തിച്ചാർജ്.
പൊലീസ് ബാരിക്കേഡുകൾ വെച്ച് മാർച്ച് തടയുകയും വിദ്യാർഥികൾക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. വൻ ലാത്തിച്ചാർജും അരങ്ങേറി. 150ഓളം വിദ്യാർഥികൾക്കും യുവജനങ്ങൾക്കും ലാത്തിചാർജിൽ പരിക്കേറ്റതായും ഇടതുസംഘടന ചെയർമാൻ ബിമൻ ബോസ് പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതു സംഘടനകളും കോൺഗ്രസും രൂപീകരിച്ച സഖ്യമാകും മത്സരത്തിനിറങ്ങുക. ത്രികോണ മത്സരമാകും സംസ്ഥാനത്ത് ഇക്കുറി അരങ്ങേറുക. തൃണമൂൽ കോൺഗ്രസും ബി.ജെ.പിക്കും എതിരായാകും മത്സരം.
അതേസമയം വെള്ളിയാഴ്ച സർക്കാർ ഉദ്യോഗസ്ഥർ നിർബന്ധമായും ജോലിക്കെത്തണമെന്ന് സർക്കാർ അറിയിച്ചു. ജോലിക്ക് ഹാജരാകാത്തവരുടെ ശമ്പളം കുറക്കുമെന്നും നോട്ടീസിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.