പുതിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം പങ്കുവച്ചത്. 'കോൺഗ്രസ് പ്രസിഡന്റായി പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന മല്ലികാർജുർ ഖാർഗേയ്ക്ക് എന്റെ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന് കൂടുതൽ ഫലപ്രദമായ ഒരു അധികാരകാലയളവ് ഉണ്ടാകട്ടെ'എന്നായിരുന്നു മോദി ട്വീറ്റ് ചെയ്തത്.
തിങ്കളാഴ്ച നടന്ന കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നു നടന്നപ്പോൾ ശശി തരൂരിനെ പിന്തള്ളി 7897 വോട്ടുകൾ നേടി ഖർഗെ വിജയിച്ചിരുന്നു. തരൂരിന് 1072 വോട്ടുകൾ ലഭിച്ചു.
പാർട്ടിയിൽ വലിപ്പച്ചെറുപ്പമുണ്ടാവില്ലെന്നും ജനാധിപത്യ സ്ഥാപനങ്ങളെ ആക്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളെ എല്ലാവരുമായി ചേർന്ന് നേരിടുമെന്നും ഖാർഗെ തിരഞ്ഞെടുപ്പിനുശേഷം പറഞ്ഞിരുന്നു. അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്തി കോൺഗ്രസ് ജനാധിപത്യത്തെ ശക്തിപ്പെടുത്തി. മാതൃകപരമായ പ്രവർത്തനമാണ് കോൺഗ്രസിൽ നിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്ന് പരാജയപ്പെട്ട സ്ഥാനാർഥി ശശി തരൂരുമായി ചർച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു.സോണിയ ഗാന്ധിയോടും ഓരോ പാർട്ടി പ്രവർത്തകനോടും നന്ദി പറയുകയാണ്. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് രണ്ട് തവണ കോൺഗ്രസ് സർക്കാർ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 24 വർഷത്തിന് ശേഷമാണ് നെഹ്റു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാൾ കോൺഗ്രസ് അധ്യക്ഷനാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.