ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനാർഥിയായി തന്‍റെ പേര് ഇൻഡ്യ മുന്നണി യോഗത്തിൽ നേതാക്കൾ മുന്നോട്ടുവെച്ചതിൽ മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ആദ്യ മുൻഗണന സഖ്യത്തിന്‍റെ വിജയത്തിനാണെന്ന് ഖാർഗെ പറഞ്ഞു.
'ഇൻഡ്യ സഖ്യത്തിന്‍റെ വിജയത്തിനാണ് ആദ്യ മുൻഗണന. ആരാകും പ്രധാനമന്ത്രിയെന്ന ചർച്ച പിന്നീടാകാം. അവിടെ മതിയായ എം.പിമാരില്ലെങ്കിൽ പിന്നെ പ്രധാനമന്ത്രി ചർച്ചകൊണ്ട് എന്ത് കാര്യം? നമുക്ക് ആദ്യം ഭൂരിപക്ഷം നേടിയെടുക്കാൻ ശ്രമിക്കാം. അതിന് ശേഷം കാര്യങ്ങൾ ജനാധിപത്യപരമായി തീരുമാനിക്കാം' -ഖാർഗെ പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനാർഥിയായി ഖാർഗെയെ തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി നിർദേശിച്ചതായും ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാളും ഇതേ അഭിപ്രായം മുന്നോട്ടുവെച്ചതായുമായാണ് റിപ്പോർട്ടുകൾ.
പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒറ്റക്കെട്ടായി നേരിടാനുള്ള തന്ത്രങ്ങൾ ആവിഷ്‍കരിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ന് ഡൽഹിയിൽ ഇൻഡ്യ മുന്നണി നിർണായക യോഗം ചേർന്നത്. സീറ്റ് പങ്കുവെക്കൽ ധാരണകളും ചർച്ചയായി. അതേസമയം, ഇൻഡ്യ സഖ്യത്തിന്‍റെ കൺവീനറുടെ കാര്യത്തിൽ തീരുമാനമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.