ലഖ്നോ: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ ഉത്തർപ്രദേശ് സന്ദർശനം ബി.െജ.പി രാഷ്ട്രീയവത്കരിക്കുകയാണെന്ന് സമാജ്വാദി പാർട്ടി. രാഷ്ട്രപതിയുടെ നാലുദിവസത്തെ യു.പി സന്ദർശനത്തിലാണ് വിമർശനം.
മാസങ്ങൾക്കുള്ളിൽ രാഷ്ട്രപതിയുടെ രണ്ടാമത്തെ യു.പി സന്ദർശനമാണിത്. ജൂണിൽ രാഷ്ട്രപതി ജന്മനാട് സന്ദർശിച്ചിരുന്നു.
ലഖ്നോവിലെ ബാബാസേഹബ് ഭീംറാവു അംബേദ്കർ സർവകലാശാലയിലെ കോൺവൊക്കേഷനിൽ പങ്കെടുത്തായിരുന്നു സന്ദർശന തുടക്കം. നാലുദിവസം യു.പിയിൽ വിവിധ പദ്ധതികൾക്ക് രാഷ്ട്രപതി തുടക്കമിടുമെന്നും പരിപാടികളിൽ പങ്കെടുക്കുമെന്നും രാഷ്ട്രപതി ഭവൻ അറിയിച്ചു. സംസ്ഥാന സർക്കാറിന്‍റെ പരിപാടികൾക്ക് പുറമെ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രം സന്ദർശിക്കുമെന്നും പൂജകൾ നടത്തുമെന്നും രാഷ്ട്രപതി ഭവൻ അറിയിച്ചിരുന്നു.
അതേസമയം, രാഷ്ട്രപതിയുടെ സന്ദർശനത്തെ ബി.ജെ.പി രാഷ്ട്രീയവത്കരിക്കുകയാണെന്ന് മുതിർന്ന സമാജ്വാദി പാർട്ടി നേതാവ് പവൻ പാണ്ഡെ കുറ്റപ്പെടുത്തി. മുൻ അഖിലേഷ് യാദവ് സർക്കാറിെല മന്ത്രിയായിരുന്നു അദ്ദേഹം.
'രാഷ്ട്രപതിക്ക് എവിടെവേണമെങ്കിലും സഞ്ചരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ, ബി.ജെ.പി രാഷ്ട്രപതി സന്ദർശനത്തെ രാഷ്ട്രീയ മൈലേജിനായി ഉപയോഗിക്കുന്നു. ഇന്ത്യൻ രാഷ്ട്രപതി നടത്തുന്ന ഒരു യാത്രയായി ഇത് തോന്നുന്നില്ലെന്ന് പറയാൻ എനിക്ക് യാതൊരു മടിയുമില്ല, ഇത് ഒരു മുതിർന്ന ബി.ജെ.പി നേതാവിന്‍റെ സന്ദർശനം പോലെ തോന്നുന്നു. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിനായി രാഷ്ട്രപതി സ്ഥാനത്തെപോലും ഉപയോഗിക്കാതിരിക്കാൻ ബി.ജെ.പി തയാറാകുന്നില്ല' -പവൻ പാണ്ഡെ എൻ.ഡി.ടി.വിയോട് പറയുന്നു.
അതേസമയം ആരോപണങ്ങൾ ബി.ജെ.പി നിഷേധിച്ചു. രാജ്യത്ത് എവിടെവേണമെങ്കിലും സന്ദർശിക്കാൻ രാഷ്ട്രപതിക്ക് സ്വാതന്ത്ര്യമുണ്ടെന്നും പ്രതിപക്ഷത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ബി.ജെ.പി എം.പി ലല്ലു സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.