ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് സി.ബി.ഐക്ക് മുന്നിൽ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ശനിയാഴ്ചയാണ് സി.ബി.ഐ സമൻസ് അയച്ചത്. രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിക്കുക. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എ.എ.പി എം.പിമാർ, മന്ത്രിമാർ എന്നിവരോടൊപ്പം കെജ്‌രിവാൾ സി.ബി.ഐ ആസ്ഥാനത്ത് എത്തുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
സമൻസിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളെല്ലാം കെജ്‌രിവാളിന് പിന്തുണയുമായി രംഗത്തെത്തി. അതേസമയം, എക്സൈസ് നയം മികച്ചതാണെന്നും പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും കെജ്‌രിവാൾ അടിവരയിട്ട് പറഞ്ഞു. കേസിൽ അറസ്റ്റിലായവരെ ഡൽഹിയിലെ മറ്റ് മന്ത്രിമാരുടെ പേര് പറയാൻ ഇ.ഡിയും സി.ബി.ഐയും നിർബന്ധിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
"ബി.ജെ.പി സർക്കാർ എ.എ.പിയെ മനഃപൂർവം ലക്ഷ്യം വെക്കുകയാണ്. തന്നിലേക്കെത്താനാണ് ആം ആദ്മി പാർട്ടിയിലെ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള മന്ത്രിമാരെ ലക്ഷ്യമിട്ടത്. അടുത്തത് താനായിരിക്കുമെന്ന് അപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു"- കെജ്‌രിവാൾ പറഞ്ഞു. രാഷ്ട്രീയ എതിരാളികൾക്കുള്ള ആയുധമായി ഇ.ഡിയെയും സി.ബി.ഐയെയും മോദി സർക്കാർ ഉപേയാഗിക്കുകയാണ്. കുറ്റം സമ്മതിപ്പിക്കുന്നതിനായി തടവിലിട്ടവരെ ക്രൂരമായി പീഡിപ്പിച്ചു. നിങ്ങളുടെ പെൺമക്കൾ നാളെ രാവിലെ എങ്ങനെ കോളജിൽ പോകുമെന്ന് കാണട്ടെയെന്ന് ആക്രോശിച്ചാണ് പീഡനങ്ങൾ തുടരുന്നത്. മാസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ തന്റെ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തെങ്കിലും അദ്ദേഹത്തിനെതിരെ ഒരു ചെറിയ തെളിവു പോലും കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.