ലിവ് ഇൻ റിലേഷൻഷിപ്പ് അപകടകരമായ രോഗം; തടയാൻ നിയമം വേണം -ബി.ജെ.പി എം.പി

ന്യൂഡൽഹി: ലിവ് ഇൻ റിലേഷൻ അത്യന്തം അപകടകരമായ രോഗമാണെന്നും അത് തടയാൻ നിയമം കൊണ്ടുവരണമെന്നും ഹരിയാനയിലെ ബി.ജെ.പി എം.പി ധരംബീർ സിങ്. ലോക്സഭയിലെ ശൂന്യവേളയിലാണ് ധരംബീർ സിങ് ഈ വിഷയം ഉന്നയിച്ചത്. പ്രണയിച്ചു വിവാഹം കഴിക്കുന്നവർക്കിടയിൽ വി​വാഹമോചനം വർധിക്കുകയാണെന്നും ഇത്തരം വിവാഹങ്ങളിൽ വധുവിന്റെയും വരന്റെയും രക്ഷിതാക്കളുടെ സമ്മതം നിർബന്ധമാക്കണമെന്നും ധരംബീർ ആവശ്യപ്പെട്ടു.

''വളരെ ഗൗരവമാർന്ന ഒരു വിഷയത്തിലേക്ക് സർക്കാരിന്റെയും പാർലമെന്റിന്റെയും ശ്രദ്ധ ക്ഷണിക്കുകയാണ്. വസുധൈവ കുടുംബകം(ലോകമേ തറവാട്) എന്ന തത്വത്തിലും സാഹോദര്യത്തിലും ഊന്നിയതാണ് ഇന്ത്യയുടെ സംസ്കാരം. മറ്റ് രാജ്യങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് നമ്മുടെ സാമൂഹിക നിർമാണം. നമ്മുടെ നാനാത്വത്തിൽ ഏകത്വം ലോകശ്രദ്ധയെ ആകർഷിച്ചതുമാണ്.''-ബി.ജെ.പി എം.പി ചൂണ്ടിക്കാട്ടി.

വർഷങ്ങളായി ബന്ധുക്കളും രക്ഷിതാക്കളും തീരുമാനിക്കുന്ന വിവാഹങ്ങളായിരുന്നു നമ്മുടെ നാട്ടിൽ. ഈ കാലഘട്ടത്തിലും അത്തരം അറേഞ്ച്ഡ് വിവാഹങ്ങൾ ഏറെ നടക്കുന്നുണ്ട്. വധുവിന്റെയും വരന്റെയും സമ്മതത്തോടെയാണ് ഈ വിവാഹങ്ങൾ നടത്തുന്നത്. കുടുംബത്തിന്റെ ചുറ്റുപാട്, സാമ്പത്തികം, സാമൂഹികാവസ്ഥ തുടങ്ങി നിരവധി കാര്യങ്ങൾ പരിഗണിച്ചാണ് വ്യക്തികൾ വിവാഹബന്ധത്തിൽ ഏർപെടുന്നത്. വിവാഹം പവി​ത്രമായ ഒന്നാണ്. ഏഴു തലമുറയോളം നിലനിൽക്കുന്നതും. അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യയിലെ വിവാഹമോചന നിരക്ക് വെറും 1.1 ശതമാനമായിരുന്നു. അമേരിക്കയിൽ അത് 40 ശതമാനമാണ്. കുടുംബങ്ങൾ തമ്മിൽ തീരുമാനിച്ചുറപ്പിച്ച വിവാഹബന്ധങ്ങൾ തകരാതിരിക്കുന്നതിനെ കുറിച്ച് ഏറെ പഠനങ്ങളും നടന്നിട്ടുണ്ട്. എന്നാൽ അടുത്തിടെയായി നമ്മുടെ രാജ്യത്ത് വിവാഹമോചനങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു. അതിന് പ്രധാനകാരണം പ്രണയവിവാഹങ്ങളാണ്. അതിനാൽ പ്രണയവിവാഹങ്ങളിൽ വധുവിന്റെയും വരന്റെയും മാതാപിതാക്കളുടെയും സമ്മതം നിർബന്ധമാക്കണമെന്ന് അഭ്യർഥിക്കുകയാണ്. കാരണം പ്രണയവിവാഹിതരാകുന്നത് കൂടുതലായും ഒരേ ഗോത്രത്തിൽ പെട്ടവരല്ല. അതിനാൽ അത്തരം വിവാഹങ്ങൾ സംഘർഷമുണ്ടാക്കുന്നു. ഈ സംഘർഷത്തിൽ പെട്ട് അനവധി കുടുംബങ്ങൾ തകരുന്നു. അതിനാൽ പ്രണയ വിവാഹങ്ങളിൽ മാതാപിതാക്കളുടെ സമ്മതം അനിവാര്യമാണ്.-സിങ് ചൂണ്ടിക്കാട്ടി.

ഇപ്പോൾ ഗുരുതരമായ ലിവ് ഇൻ റിലേഷൻ എന്ന ഒരു സാമൂഹിക തിൻമകൂടി ഉയർന്നുവന്നിരിക്കുന്നു. വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒന്നിച്ചുജീവിക്കുന്നതിനെയാണ് ലിവ് ഇൻ റിലേഷൻ എന്ന് പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ അത്തരം ബന്ധങ്ങൾ സാധാരണമാണ്. ഈ ദുഷിച്ച പ്രവണത നമ്മുടെ സമൂഹത്തിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ പ്രത്യാഘാതം ഭീകരമാണ്. അടുത്തിടെ നടന്ന ശ്രദ്ധ വാൽകറുടെ കൊലപാതകം ഇതാണ് കാണിക്കുന്നത്. ശ്രദ്ധയും പങ്കാളി അഫ്താബും ലിവ് ഇൻ റിലേഷനിലായിരുന്നു. ഡൽഹി ഇതേ രീതിയിൽ ഒരുപാടാളുകൾ ഒരുമിച്ച് കഴിയുന്നുണ്ട്. ഇത് നമ്മുടെ സംസ്കാരത്തെ തകർക്കുന്നു. അതിനാൽ ലിവ് ഇൻ റിലേഷൻഷിപ്പിന് എതിരെ നിയമം കൊണ്ടുവരണമെന്ന് നിയമമന്ത്രിയോട് അഭ്യർഥിക്കുകയാണ്.-സിങ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Live in relationships dangerous disease, need laws against it says BJP MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.