ഹിന്ദുത്വ തീവ്രവാദികൾ സൃഷ്ടിച്ച വിവാദങ്ങളെ കുറിച്ചും അത് തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചും റിയാലിറ്റി ഷോയിൽ തുറന്നുപറഞ്ഞ് സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവ്വർ ഫാറൂഖി. ഏക്ത കപൂറിന്റെ വരാനിരിക്കുന്ന റിയാലിറ്റി ഷോയായ 'ലോക്ക് അപ്പ'ിലാണ് തുറന്നുപറച്ചിൽ. സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ ആയ മുനവ്വർ ഫാറൂഖിയും ഷോയിൽ ഒരു മത്സരാർത്ഥിയാണ്.
202ൽ, മുനവ്വർ തന്റെ ഒരു ഷോയ്ക്കിടെ "ഹിന്ദു ദേവന്മാരെയും ദേവതകളെയും അപമാനിച്ചു" എന്നാരോപിച്ച് ഒരു മാസം ജയിലിൽ കിടക്കേണ്ടിവന്നിരുന്നു. പുറത്തിറങ്ങിയ ശേഷം അദ്ദേഹത്തിന്റെ പല ഷോകളും റദ്ദാക്കി. പലയിടത്തും പരിപാടികൾ അലങ്കോലമാക്കാൻ ഹിന്ദുത്വ തീവ്രവാദികൾ സംഘർഷവുമായി എത്തി. ഇതേ തുടർന്ന് പരിപാടികൾ തന്നെ മുനവ്വർ അവസാനിപ്പിച്ചിരുന്നു.
ഷോയുടെ ഭാഗമാകുന്നത് സംബന്ധിച്ച് ഒരു ഇംഗ്ളീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാദകാലങ്ങളെ കുറിച്ചും മുനവ്വർ ഓർത്തുപറയുന്നത്. "വിവാദമാകുന്നതിൽ തെറ്റുണ്ടെന്ന് ഞാൻ കരുതുന്നില്ല. കഥയുടെ നിങ്ങളുടെ ഭാഗം ആളുകൾ കേട്ടില്ല. ഒരിക്കലും വിവാദങ്ങളുടെ ഭാഗമാകാൻ ആഗ്രഹിച്ചിട്ടില്ല. ഞാനൊരിക്കലും പോയി എന്റെ പ്രസ്താവന മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല. വിവാദം ഉണ്ടായപ്പോൾ എന്റെ വീഡിയോയിലെ ആളുകളെ വേദനിപ്പിച്ച ഭാഗം, ഞാൻ അത് ഉടൻ നീക്കം ചെയ്തു. ഒരു വർഷത്തോളം ഇത്വെച്ച് വാർത്തയാക്കിയത് പൊതുജനമാണ്. ഞാൻ ഒരിക്കലും വിവാദമാകാൻ ആഗ്രഹിച്ചില്ല. അവർ എന്നെ അങ്ങനെയാക്കി. കോമഡി ചെയ്യുന്നതിലും ആഘോഷിക്കുന്നതിലും ഞാൻ സന്തുഷ്ടനായിരുന്നു.
ലോക്ക് അപ്പിൽ പങ്കെടുക്കുന്നതിൽ തനിക്ക് ഭയമില്ലെന്നും മുനച്ചർ പറഞ്ഞു. "എനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഉണ്ടാകാം. പക്ഷേ, ഭയം ഒരു വലിയ വാക്കാണ്. ഇതൊരു റിയാലിറ്റി ഷോയാണ്. പക്ഷേ ഇത് എനിക്ക് ജോലിയാണ്. എന്തെങ്കിലും ആശങ്കകൾക്ക് സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നില്ല" -അദ്ദേഹം പറഞ്ഞു. വിവാദ സെലിബ്രിറ്റികളെ മാസങ്ങളോളം ലോക്കപ്പിൽ ആക്കി ദിവസം മുഴുവൻ ഷൂട്ട് ചെയ്ത് പ്രദർശിപ്പിക്കുന്ന റിയാലിറ്റി ഷോയാണ് 'ലോക്ക് അപ്പ്'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.