97 കോടി ജനങ്ങളുടെ മനസ്സ് അളക്കുന്ന രണ്ടര മാസത്തെ പ്രക്രിയക്ക് തെരഞ്ഞെടുപ്പ് കമീഷൻ വാതിൽ തുറന്നപ്പോൾ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ പാർട്ടികൾക്കും ചങ്കിടിപ്പ് കൂടി. ഇന്ത്യയാകെ തിളങ്ങുന്നുവെന്ന അവകാശവാദത്തിന്റെ അകമ്പടിയോടെ 400 സീറ്റ് വാരുമെന്ന് പറയുമ്പോഴും ജനരോഷം എങ്ങനെ വിധിയെഴുതുമെന്ന അങ്കലാപ്പിലാണ് ബി.ജെ.പി. ഭരണകക്ഷിയെ അധികാരത്തിൽനിന്ന് തുരത്തണമെന്ന വാശി ‘ഇൻഡ്യ’ ബാനറിനു കീഴിലേക്ക് രണ്ടു ഡസനിലേറെ പാർട്ടികളെ എത്തിച്ചെങ്കിലും, ഐക്യം പ്രകടമാക്കി ജനത്തെ സമീപിക്കാൻ കഴിയാത്ത പ്രതിപക്ഷത്തിനും വീറും വാശിയും ആത്മവിശ്വാസവും പോരാ. രണ്ടിനുമിടയിൽ ജനാധിപത്യ-മതനിരപേക്ഷ-വികസന സങ്കൽപങ്ങൾക്ക് വിലപ്പെട്ട വോട്ട് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന മനക്കണക്കുകളിലേക്ക് ജനം.
മൂന്നാമൂഴം തേടുന്ന ബി.ജെ.പിയും പ്രതിപക്ഷ മുന്നണിയുടെ മുന്നിൽ നിൽക്കുന്ന കോൺഗ്രസും തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ ഗാരന്റികൾ മുന്നോട്ടു വെച്ചത് ഇത്തവണത്തെ പ്രത്യേകത. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തണലിൽ നിൽക്കുന്ന ബി.ജെ.പി മുന്നോട്ടുവെക്കുന്നത് ‘മോദി കി ഗാരന്റി’യാണ്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്കൊപ്പം കോൺഗ്രസ് ‘ന്യായ് ഗാരന്റി’യും മുന്നോട്ടുവെച്ചു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾക്കു മുമ്പേതന്നെ പ്രധാന വോട്ടുബാങ്കായ സ്ത്രീകൾ, യുവാക്കൾ, കർഷകർ, ദുർബല വിഭാഗങ്ങൾ എന്നിവരെ സ്വാധീനിക്കാനുള്ള തീവ്രശ്രമമാണ് രണ്ടു പക്ഷത്തും നടക്കുന്നത്. തൊഴിലില്ലായ്മയുടെയും വിലക്കയറ്റത്തിന്റെയും കടുപ്പം തെരഞ്ഞെടുപ്പിൽ പരിക്കേൽപിക്കാതിരിക്കാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ വികസിത ഇന്ത്യയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുവെന്ന് പറയുന്ന ബി.ജെ.പിക്ക് അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തത് ഉയർത്തിക്കാട്ടാൻ പ്രതിപക്ഷവും ശ്രമിക്കുന്നു.
ഒരു രാജ്യത്തിന്റെ തെരഞ്ഞെടുപ്പു രംഗമാകെ മോദിയെ കേന്ദ്രീകരിച്ചു നിൽക്കുന്ന അസാധാരണ സാഹചര്യമാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ. ഭരണകക്ഷിയായ ബി.ജെ.പി ഒന്നാകെ ഒറ്റ വ്യക്തിയെ ആശ്രയിച്ചാണ് തെരഞ്ഞെടുപ്പിൽ നിൽക്കുന്നത്. അതേസമയം, പ്രതിപക്ഷത്തിന്റെ കണ്ണിൽ വില്ലൻ വേഷമാണ് മോദിക്ക്. ജനാധിപത്യ ഇന്ത്യ ഇത്രകണ്ട് സ്വേച്ഛാഭരണത്തിലേക്ക് നീങ്ങിയ കാലമില്ലെന്നും, പ്രതിപക്ഷവും ബി.ജെ.പിയുടെ പ്രതിയോഗികളും ഇത്രമേൽ വേട്ടയാടപ്പെട്ട കാലമില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ബി.ജെ.പിക്ക് ആത്മവിശ്വാസം കൂട്ടുന്ന തുറുപ്പു ചീട്ട് വിഭാഗീയ വിഷയങ്ങൾതന്നെ. സ്വാഭാവികമായും തെരഞ്ഞെടുപ്പുചർച്ചയെ അത് സ്വാധീനിക്കും. ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം ഉയർത്തിയതിലൂടെ ഹിന്ദുത്വ ദുരഭിമാനത്തിന്റെ ആവേശം ഉണർത്താൻ സാധിച്ചുവെന്നാണ് ബി.ജെ.പിയുടെ അനുമാനം. മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കാനുള്ള സി.എ.എ ചട്ടം തെരഞ്ഞെടുപ്പിനു ദിവസങ്ങൾക്കുമുമ്പുമാത്രം പുറത്തിറക്കിയതും ഉത്തരാഖണ്ഡിലൂടെ ഏക സിവിൽ കോഡിന് തുടക്കമിട്ടതും തെരഞ്ഞെടുപ്പു ഗോദയിൽ ചർച്ചയാക്കും. അയോധ്യക്കു പിന്നാലെ ഗ്യാൻവാപി, മഥുര വിഷയങ്ങളിലും ഹിന്ദുത്വ മേൽക്കോയ്മക്ക് പ്രത്യേക ശ്രമങ്ങൾ നടന്നു.
‘രാജവാഴ്ച’യിലേക്ക് ജനാധിപത്യ ഇന്ത്യ കൂപ്പുകുത്തിയതിന് ജനം തക്ക തിരിച്ചടി നൽകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. ബി.ജെ.പി ഉയർത്തുന്ന ഹിന്ദുത്വാവേശത്തെ നേരിടുന്നതിന് പല പ്രതിപക്ഷ പാർട്ടികൾക്കും വോട്ടുകളത്തിൽ പ്രയാസമുണ്ട്. എന്നാൽ, 10 വർഷത്തെ ഭരണം ഇന്ത്യയുടെ തനിമ തന്നെ തകിടം മറിച്ചതിനെ വോട്ടർമാർ പിന്തുണക്കില്ലെന്ന് അവർ പ്രതീക്ഷിക്കുന്നു. മതനിരപേക്ഷ, ജനാധിപത്യ ബോധവും സൗഹാർദ-സമാധാനവും ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷത്തെ ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയം വീർപ്പു മുട്ടിക്കുന്നുവെന്നാണ് അവരുടെ വിലയിരുത്തൽ. സുപ്രീംകോടതിയുടെ കർക്കശ നിലപാടിലൂടെ പുറത്തുവന്ന ഇലക്ടറൽ ബോണ്ട് ബി.ജെ.പിയുടെ അഴിമതിവിരുദ്ധ മുഖംമൂടി പൊളിച്ചു കളഞ്ഞു. സാധാരണക്കാരെ പുറന്തള്ളുന്ന കോർപറേറ്റ് ഗാഢബന്ധവും തുറന്നു കാണിക്കപ്പെട്ടു. കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഭരണം പിടിക്കാൻ സാധിച്ചതും ഇൻഡ്യ സഖ്യം സീറ്റു ധാരണയുണ്ടാക്കി ഒന്നിച്ചു നീങ്ങുന്നതും പ്രതിപക്ഷ വീര്യം വർധിപ്പിക്കുന്നു.
• പുരുഷന്മാർ 49.7 കോടി • സ്ത്രീകൾ 47.1 കോടി • 85 വയസ്സിന് മുകളിലുള്ളവർ 82 ലക്ഷം • ട്രാൻസ്ജെൻഡറുകൾ 48,000 • കന്നിവോട്ടർമാർ 1.8 കോടി • യുവ വോട്ടർമാർ 19.74 കോടി • ഭിന്നശേഷിക്കാർ 88.4 ലക്ഷം • സൈനിക വോട്ടർമാർ 19.1 ലക്ഷം • 100 തികഞ്ഞവർ 2.18 ലക്ഷം
• 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 40 ശതമാനത്തിനുമേൽ പ്രശ്നങ്ങളുള്ള ഭിന്നശേഷിക്കാർക്കും വീട്ടിൽ വോട്ട്
• പോളിങ് സ്റ്റേഷനുകളിൽ വളണ്ടിയർമാർ, വീൽ ചെയർ
• ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കും ഗതാഗത സൗകര്യം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.