ബംഗളൂരു: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തകർന്നു തരിപ്പണമായിടത്തുനിന്ന് ഇത്തവണ നില മെച്ചെപ്പെടുത്തിയെങ്കിലും ദേശീയ തരംഗം കണക്കിലെടുത്താൽ, നിരാശയാർന്ന പ്രകടനമാണ് കർണാടകയിൽ കോൺഗ്രസിന്റേത്. കർണാടകയിൽ 20 സീറ്റ് പിടിക്കുമെന്ന് തുടക്കത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച കോൺഗ്രസ്, സംസ്ഥാനത്തെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുശേഷം രണ്ടക്കമെങ്കിലും പ്രതീക്ഷിച്ചിരുന്നു. കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ കണക്കുകൂട്ടൽ പ്രകാരം 14ലേറെ സീറ്റിൽ പാർട്ടി വിജയം കാണേണ്ടതായിരുന്നു. എന്നാൽ, 2014ലെ ഫലത്തിനൊപ്പമെത്താനായി എന്നതുമാത്രമാണ് ആശ്വാസം. അന്ന് ബി.ജെ.പി 17, കോൺഗ്രസ്- ഒമ്പത്, ജെ.ഡി-എസ്- രണ്ട് എന്നിങ്ങനെയായിരുന്നു നില. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ കർണാടകയിൽ കോൺഗ്രസിന്റെ മെച്ചപ്പെട്ട പ്രകടനമാണ് ഒമ്പതു സീറ്റ് നേട്ടമെന്നതാണ് കൗതുകകരം. 1999ൽ 18 സീറ്റ് നേടിയ ശേഷം ഇതടക്കം അഞ്ചു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് രണ്ടക്കം കടക്കാനായിട്ടില്ല.
സംസ്ഥാനത്ത് ഭരണാനുകൂല തരംഗമുണ്ടായിട്ടും കൂടുതൽ സീറ്റുകൾ നേടാനായില്ലെന്നത് കോൺഗ്രസിന്റെ പോരായ്മയാണ്. സ്വന്തം തട്ടകത്തിൽ സഹോദരനേറ്റ കനത്ത തോൽവിയുടെ ജാള്യത്തിലാണ് ഡി.കെ. ശിവകുമാർ. 2,69647 വോട്ടിനാണ് പാർട്ടിയുടെ ഏക സിറ്റിങ് എം.പിയുടെ തോൽവി. വൊക്കലിഗ സമുദായത്തിൽ രാഷ്ട്രീയ മേൽക്കൈ നേടാനുള്ള ‘ഡി.കെ സഹോദരന്മാ’രുടെ നീക്കത്തിനെതിരെ ജെ.ഡി-എസിലെയും ബി.ജെ.പിയിലെയും വൊക്കലിഗ നേതാക്കൾ ചേർന്നൊരുക്കിയ കെണിയായിരുന്നു ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ മരുമകൻ കൂടിയായ ഡോ.സി.എൻ. മഞ്ജുനാഥിന്റെ സ്ഥാനാർഥിത്വം.
ബംഗളൂരു റൂറലിനുപുറമെ, വിജയ പ്രതീക്ഷയുണ്ടായിരുന്ന കോലാർ, ചിക്കബല്ലാപുര, തുമകൂരു എന്നിവിടങ്ങളിലും കോൺഗ്രസിന് തോൽവി വഴങ്ങേണ്ടി വന്നു. കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ എട്ടുതവണ തുടർച്ചയായി എം.പിയായ കോലാറിൽ അദ്ദേഹത്തിന്റെ മരുമകന് സീറ്റ് നൽകുന്നതിനെ ചൊല്ലി ആഭ്യന്തര കലഹമുയർന്നിരുന്നു. കോലാറിലെ കോൺഗ്രസ് എം.എൽ.എമാർ രണ്ടു തട്ടിലായ കലഹം പാർട്ടിയെ തോൽവിയിലേക്ക് നയിച്ചു. ഇത് ജെ.ഡി-എസിന് ഗുണം ചെയ്തു. മാണ്ഡ്യ സീറ്റിലൊതുങ്ങുമായിരുന്ന ജെ.ഡി-എസിന് അപ്രതീക്ഷിതമായി കോലാർകൂടി ലഭിച്ചു.
അതേസമയം, ബി.ജെ.പിക്ക് ആഹ്ലാദിക്കാനുള്ള ഫലമല്ല കർണാടക നൽകിയത്. ബംഗളൂരു സെൻട്രലിൽ സിറ്റിങ് എം.പി പി.സി. മോഹന്റെ ഭൂരിപക്ഷം നന്നേ താഴ്ന്നു. കഴിഞ്ഞ തവണ 70968 വോട്ടിന് ജയിച്ച മോഹൻ ഇത്തവണ പുതുമുഖമായ മൻസൂർ അലി ഖാനോട് 32707 വോട്ടിനാണ് ജയിച്ചുകയറിയത്. ബെള്ളാരിയിൽ ഏറെ സ്വാധീനമുള്ള നേതാവായ ഖനി അഴിമതി വീരൻ ഗാലി ജനാർദന റെഡ്ഡിയുടെ പാർട്ടിയിലേക്കുള്ള തിരിച്ചുവരവൊന്നും ബി.ജെ.പിക്ക് ഗുണം ചെയ്തില്ല. റെഡ്ഡിയുടെ വലംകൈയായ മുൻ മന്ത്രി ബി. ശ്രീരാമുലു തോൽവി വഴങ്ങി. പതിവുപോലെ കിറ്റൂർ കർണാടകയും തീര-മലനാട് മേഖലയും ബംഗളൂരു മേഖലയും ബി.ജെ.പിക്കൊപ്പം നിന്നു. എന്നാൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ തട്ടകമായ കല്യാൺ കർണാടകയിലെ കലബുറഗി, ബിദർ, റായ്ച്ചൂർ, കൊപ്പാൽ, ബെള്ളാരി എന്നീ അഞ്ചു സീറ്റുകളും ബി.ജെ.പി കൈവിട്ടു. ബി.ജെ.പിക്ക് നഷ്ടമായ എട്ടിൽ അഞ്ചും ഈ മേഖലയിലേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.