ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന ഒന്നാംഘട്ടത്തിന് തെരഞ്ഞെടുപ്പ് കമീഷന്റെ വിജ്ഞാപനമിറങ്ങി. ഏപ്രിൽ 19ലെ ഒന്നാംഘട്ടത്തിൽ 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ലക്ഷദ്വീപ്, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഉത്തർപ്രദേശിൽ ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ പടിഞ്ഞാറൻ മേഖലയിലെ സഹാറൻപുർ, കൈരാന, മുസഫർനഗർ, ബിജ്നോർ, നഗീന, മുറാദാബാദ്, റാംപൂർ, പിലിബിത് സീറ്റുകളിലും വോട്ടെടുപ്പ് ഒന്നാംഘട്ടത്തിലാണ്.
അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലൻഡ്, രാജസ്ഥാൻ, സിക്കിം, തമിഴ്നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, അന്തമാൻ-നികോബർ, ജമ്മു-കശ്മീർ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഒന്നാംഘട്ട മണ്ഡലങ്ങൾ. തമിഴ്നാട്ടിൽ ആകെയുള്ള 39 ലോക്സഭ മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കും. രാജസ്ഥാനിൽ 12ഉം ഉത്തർപ്രദേശിൽ എട്ടും മധ്യപ്രദേശിൽ ആറും സീറ്റുകളിലേക്കാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ്.
മഹാരാഷ്ട്ര ഉത്തരാഖണ്ഡ്, അസം എന്നിവിടങ്ങളിൽ അഞ്ചും പശ്ചിമ ബംഗാളിൽ മൂന്നും അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ എന്നിവിടങ്ങളിൽ രണ്ടും ഛത്തിസ്ഗഢ്, മിസോറം, നാഗാലൻഡ്, സിക്കിം, ത്രിപുര, അന്തമാൻ-നികോബർ, ജമ്മു-കശ്മീർ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒന്നും ലോക്സഭ മണ്ഡലങ്ങളിൽ ഏപ്രിൽ 19ന് തെരഞ്ഞെടുപ്പ് നടക്കും.
ബിഹാറിലേത് ഒഴികെയുള്ള മണ്ഡലങ്ങളിൽ മാർച്ച് 27 വരെയും ബിഹാറിൽ മാർച്ച് 28 വരെയും പത്രികകൾ സ്വീകരിക്കും. ഏഴ് ഘട്ടങ്ങളിലായുള്ള ലോക്സഭ തെരഞ്ഞെടുപ്പ് ഏപ്രിൽ 19ന് തുടങ്ങി ജൂൺ ഒന്നിന് അവസാനിക്കും. രണ്ടാംഘട്ട വോട്ടെടുപ്പിൽ ബൂത്തിലേക്ക് പോകുന്ന കേരളത്തിൽ മാർച്ച് 28ന് തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങും. ഏപ്രിൽ നാലിനകം നാമനിർദേശ പത്രിക സമർപ്പിക്കണം. അഞ്ചിനാണ് സൂക്ഷ്മപരിശോധന. പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.