ന്യൂഡൽഹി: പ്രചാരണത്തിൽ ബി.ജെ.പിക്കൊപ്പം പിടിച്ചുനിന്ന ഇൻഡ്യ സഖ്യത്തിന് എക്സിറ്റ്പോൾ സർവേകൾ നൽകുന്നത് കുറഞ്ഞ സീറ്റുകൾ. കർണാടകയിൽ 2009 മുതലുള്ള ആധിപത്യം തുടരുന്ന ബി.ജെ.പി, തമിഴ്നാട്ടിലും കേരളത്തിലും സീറ്റ് നേടുമെന്ന വിവരവും വിവിധ സർവേകൾ പുറത്തുവിട്ടു. തമിഴ്നാട്ടിൽ ഒന്ന് മുതൽ മൂന്നുവരെ സീറ്റാണ് ബി.ജെ.പിക്ക് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ നൽകുന്നത്. ഡി.എം.കെ 20-22, കോൺഗ്രസ് 6-8 എന്നിങ്ങനെയും സർവേ ചൂണ്ടിക്കാട്ടുന്നു.
കർണാടകയിൽ 25 സീറ്റുകൾ വരെ ബി.ജെ.പി നേടുമെന്ന് വിവിധ സർവേകളിലുണ്ട്. ജെ.ഡി.എസിന് മൂന്ന് വരെയും കോൺഗ്രസിന് മൂന്ന് മുതൽ അഞ്ച് വരെയും സീറ്റുകളാണ് പുറത്തുവിട്ടത്. ആന്ധ്രപ്രദേശിൽ ടി.ഡി.പിക്കും ജനസേനക്കുമൊപ്പമുള്ള ബി.ജെ.പി സഖ്യം ക്ലിക്കാകുമെന്ന സൂചനയാണ് ന്യൂസ് 18 സർവേയിലുള്ളത്. ആകെയുള്ള 25ൽ 19-22 സീറ്റുകൾ എൻ.ഡി.എക്ക് ഇവിടെ പ്രവചിക്കുന്നു. ഭരണകക്ഷിയായ വൈ.എസ്.ആർ പാർട്ടിക്ക് അഞ്ച് സീറ്റും.
ടൈംസ് നൗ-ഇ.ടി.ജി സർവേയിൽ ഹരിയാനയിൽ ബി.ജെ.പിക്ക് പത്ത് ശതമാനം വോട്ട് വിഹിതം കുറഞ്ഞു. 2019ൽ പത്തിൽ പത്തും നേടിയ ബി.ജെ.പിക്ക് ഏഴാണ് ഇത്തവണ ലഭിക്കുക. മൂന്ന് സീറ്റ് കോൺഗ്രസ് നേടുമെന്നാണ് ടൈംസ് നൗവിന്റെ വിലയിരുത്തൽ. ബംഗാളിൽ കഴിഞ്ഞ തവണ 18 സീറ്റ് നേടിയ ബി.ജെ.പി ഇത്തവണ 21 മുതൽ 25 സീറ്റുകൾ നേടുമെന്ന് റിപ്പബ്ലിക് മാക്രിസ് സർവേ പറയുന്നു. 2019ൽ 22 സീറ്റുകൾ നേടിയ തൃണമൂൽ കോൺഗ്രസിന് 16 മുതൽ 20 സീറ്റാണ് പ്രവചിക്കുന്നത്. 23 മുതൽ 27 വരെ സീറ്റുകളാണ് സീ വോട്ടർ ഏജൻസി ബംഗാളിൽ എൻ.ഡി.എക്ക് നൽകുന്നത്. കോൺഗ്രസിന് 1-3, തൃണമൂൽ 13-17 എന്നിങ്ങനെയാണ് സീ വോട്ടറിന്റെ കണക്ക്. ആംആദ്മി പാർട്ടിയും കോൺഗ്രസും സഖ്യം ചേർന്നും അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ച ശേഷം കാടിളക്കി പ്രചാരണവും നടത്തിയ ഡൽഹിയിൽ ബി.ജെ.പിക്കാണ് മുൻതൂക്കം.
മഹാരാഷ്ട്രയിൽ ഇൻഡ്യ സഖ്യം പൂർണമായും നിരാശപ്പെടുത്തില്ലെന്നാണ് ന്യൂസ് 18 സർവേയിലെ നിഗമനം. ഇൻഡ്യ സഖ്യത്തിന് 15-18, എൻ.ഡി.എക്ക് 32-35 എന്നാണ് പ്രവചനം. ബി.ജെ.പിക്ക് ഒറ്റക്ക് 20 മുതൽ 23 വരെ സീറ്റും കിട്ടും. മധ്യപ്രദേശിൽ കഴിഞ്ഞ തവണ 29ൽ ഒരു സീറ്റാണ് കോൺഗ്രസിനുണ്ടായിരുന്നത്. ഇത്തവണയും ഇതേ സ്ഥിതിയാണ് ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യയുടെ നിഗമനം. മൂന്ന് ശതമാനം വോട്ട് വർധിച്ച് 61 ശതമാനത്തിലേക്ക് ബി.ജെ.പി ഉയരും. ന്യൂസ് 18 സർവേയിലെ കണക്കുകൾ മധ്യപ്രദേശിൽ 26-29 സീറ്റ് എൻ.ഡി.എക്ക് ലഭിക്കും. കോൺഗ്രസിന് പൂജ്യം മുതൽ മൂന്ന്. ഛത്തിസ്ഗഢിൽ 11ൽ 11ഉം ബി.ജെ.പിക്കാണ് ഈ ഏജൻസി നൽകുന്നത്. ബിഹാറിൽ തേജസ്വി യാദവിന്റെ നേതൃത്വത്തിൽ ആർ.ജെ.ഡിയും ഇൻഡ്യ സഖ്യവും പൊരുതിയെങ്കിലും 40ൽ 33 സീറ്റ് വരെ എൻ.ഡി.എക്കാണെന്നാണ് ആക്സിസിന്റെ പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.