ന്യൂഡൽഹി: മുൻ എം.എൽ.എ കെ.എസ് ശബരിനാഥന്റെ അറസ്റ്റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ കോൺഗ്രസിന്‍റെ അടിയന്തര പ്രമേയം. കെ. മുരളീധരൻ എം.പിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
കേരളത്തിൽ രാഷ്ട്രീയ എതിരാളികൾക്കെതിരെ കള്ളകേസ് ചുമത്തി അറസ്റ്റ് ചെയ്യുന്നത് നിത്യസംഭവമായിരിക്കുന്നുവെന്ന് കെ. മുരളീധരൻ ചൂണ്ടിക്കാട്ടുന്നു. മുൻ എം.എൽ.എ കെ.എസ് ശബരിനാഥന്റെ അറസ്റ്റ് ഇത്തരത്തിലുള്ള അവസാനത്തെ സംഭവമാണ്. ഭരണഘടന ഉറപ്പു നൽക്കുന്ന മൗലികാവകാശത്തിന്‍റെ ലംഘനമാണെന്നും കെ. മുരളീധരൻ പറയുന്നു.
വിമാനയാത്രക്കിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിലാണ് കെ.എസ്. ശബരീനാഥൻ അറസ്റ്റിലായത്. ചോദ്യം ചെയ്യലിന് ശംഖുമുഖം അസി. കമീഷണർ മുമ്പാകെ ഹാജരായതിന് പിന്നാലെയാണ് ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാത്രിയോടെ ശബരീനാഥിന് കോടതി ജാമ്യം അനുവദിച്ചു.
അറസ്റ്റ് വിവരം പുറത്തുവിടാതിരുന്ന പൊലീസ്, ശബരീനാഥന്റെ മുൻകൂർ ജാമ്യാപേക്ഷ പരഗണിച്ച തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ അഭിഭാഷകൻ മുഖേനെ അറിയിക്കുകയായിരുന്നു. ശബരിനാഥന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സർക്കാർ അഭിഭാഷകൻ അറസ്റ്റ് വിവരം അറിയിച്ചത്.
വിമാനത്തിൽ പ്രതിഷേധത്തിനു നിർദേശം നൽകിയത് ശബരീനാഥനാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇതിന്റെ വാട്സ്ആപ് സ്ക്രീൻ ഷോട്ടുകൾ പൊലീസിന് ലഭിച്ചു. യൂത്ത് കോൺഗ്രസിന്‍റെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ നിന്നുള്ള വിവരങ്ങളാണ് പുറത്തു പോയത്.
മുഖ്യമന്ത്രി കണ്ണൂർ -തിരുവനന്തപുരം വിമാനത്തിൽ വരുന്നുണ്ടെന്നും രണ്ടു പേർ വിമാനത്തിൽ കയറി കരിങ്കൊടി കാണിച്ചാൽ എന്തായാലും വിമാനത്തിൽ നിന്ന് പുറത്തിറക്കാൻ കഴിയില്ലല്ലോ എന്നുമുള്ള സന്ദേശമാണ് ശബരീനാഥന്റേതായി പ്രചരിക്കുന്നത്. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.