ന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിച്ച റസ്‍ലിങ് ഫെഡറേഷൻ അധ്യക്ഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങൾ പ്രതിഷേധിക്കുമ്പോൾ, മോദി സ്തുതിയും ഇരവാദമുയർത്തുന്ന കവിതയും ചൊല്ലി ഡബ്ല്യു.എഫ്.ഐ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൻ ശരൻ സിങ് ബി.ജെ.പി റാലിയിൽ. 2024 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി യു.പിയിലെ ഗോണ്ടയിൽ സംഘടിപ്പിച്ച മഹാ സമ്പർക്ക് അഭിയാൻ റാലിയിലാണ് ബ്രിജ് ഭൂഷൻ സംസാരിച്ചത്. വേദനകളും ചതിയും പ്രണയും വിവരിക്കുന്ന കവിത ചൊല്ലിക്കൊണ്ടാണ് ബ്രിജ് ഭൂഷൻ പ്രസംഗം ആരംഭിച്ചത്.
‘ചിലപ്പോൾ നിങ്ങൾ കണ്ണീർ കുടിക്കേണ്ടി വരും, ചിലപ്പോൾ ദുഃഖം, മറ്റു സമയങ്ങളിൽ വിഷം.
എങ്കിൽ മാത്രമേ നിനക്ക് സമൂഹത്തിൽ ജീവിക്കാനകൂ
എന്റെ സ്നേഹത്തിന് ലഭിച്ച സമ്മാനമാണിത്
അവരെന്ന വിശ്വാസ വഞ്ചകനെണന്ന് വിളിച്ചു
അതിനെ കുപ്രസിദ്ധിയെന്നോ പ്രശസ്തിയെന്നോ വിളിക്കാം
പുച്ഛിച്ചുകൊണ്ട് അവരെന്റെ പേര് പറഞ്ഞു’ -ബ്രിജ് ഭൂഷൻ റാലിയെ അഭിസംബോധന ചെയ്ത് കവിത ചൊല്ലി.
ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തെ പാടെ അവഗണിച്ച്, താൻ വീണ്ടും കൈസർഗഞ്ച് മണ്ഡലത്തിൽ നിന്ന് 2024 ലോക് സഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ബി.ജെ.പി എം.പി പ്രഖ്യാപിച്ചു. അടുത്ത വർഷവും ബി.ജെ.പി ഭൂരിപക്ഷ സർക്കാർ രൂപീകരിക്കുമെന്നും ബ്രിജ് ഭൂഷൻ പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമ്പതു വർഷത്തെ ഭരണത്തെയും ബ്രിജ് ഭൂഷൻ പ്രശംസിച്ചു. കോൺഗ്രസിന്റെ ഭരണകാലത്ത് ഇന്ത്യൻ ഭൂമി പലരും കൈവശപ്പെടുത്തി. അന്ന് മോദിയായിരുന്നു അധികാരത്തിലെങ്കിൽ അത് തിരിച്ചെടുത്തേനെയെന്ന് ബ്രിജ് ഭൂഷൻ പറഞ്ഞു.
ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരിക്കെ 78,000 സ്ക്വയർ കിലോമീറ്റർ ഇന്ത്യൻ സ്ഥലം പാകിസ്താൻ പിടിച്ചെടുത്തു. 1962 ൽ ചൈന ഇന്ത്യയെ ആക്രമിച്ചു. 33,000 സ്ക്വയർ കിലോമീറ്റർ സ്ഥലം ഇപ്പോഴും അവരുടെ കൈവശമാണ്. 1972ൽ 92,000 പാകിസ്താനികളെ യുദ്ധത്തടവുകാരായി ഇന്ത്യ പിടികൂടി. അത് പാകിസ്താൻ പിടിച്ചെടുത്ത ഭൂമി വിട്ടു കിട്ടാനുള്ള നല്ല അവസരമായിരുന്നു. കോൺഗ്രസിന് പകരം ശക്തനായ പ്രധാനമന്ത്രിയായിരുന്നെങ്കിൽ , മോദിയായിരുന്നെങ്കിൽ ആ ഭൂമി തിരിച്ചു കിട്ടിയേനെ. -ബ്രിജ് ഭൂഷൻ പറഞ്ഞു.
കശ്മീർ വിഷയത്തിൽ മോദിയുടെ തീരുമാനത്തെയും ബ്രിജ് ഭൂഷൻ പ്രശംസിച്ചു. അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചത്, റോഡ് നിർമാണത്തിലെ വേഗത, മെഡിക്കൽ കോളജുകൾ, സർവകലാശാലകൾ, തേദ്ദശീയ പ്രതിരോധ ഉപകരണങ്ങളുടെ നിർമാണ ശാല തുടങ്ങിയവയുടെ അതിവേഗ നിർമാണത്തിലും മോദിയെ ബ്രിജ് ഭൂഷൻ പ്രശംസിച്ചു.
അതേസമയം, ബ്രിജ് ഭൂഷനെതിരായ പരാതിയിൽ നിന്ന് പിൻമാറാൻ ശക്തമായ സമ്മർദ്ദമുണ്ടെന്ന് ഗുസ്തി താരങ്ങൾ ആരോപിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പരാതി പിൻവലിച്ചതിനു പിന്നിലും സമ്മർദമാണെന്നും താരങ്ങൾ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.