ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച നടപടി തിരുത്താൻ മോദിയോടും സംഘത്തോടും സുപ്രീം കോടതി ആവശ്യപ്പെടണം -എം.എ. ബേബി

കോഴിക്കോട്: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാറിന്‍റെ നടപടി തിരുത്താൻ മോദിയോടും സംഘത്തോടും സുപ്രീം കോടതി ആവശ്യപ്പെടണമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളെ ശിക്ഷാകാലത്തിൽ ഇളവ് നൽകി വിട്ടയക്കരുത് എന്ന ഗുജറാത്ത് സർക്കാറിന്‍റെ തന്നെ നയത്തിനെതിരെയാണ് ഈ വിട്ടയക്കലെന്നും എം.എ. ബേബി പറഞ്ഞു.

2002ൽ നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരിക്കേ നടന്ന ഗുജറാത്ത് കൂട്ടക്കൊലയിലെ ഏറ്റവും മനുഷ്യത്വരഹിതമായ സംഭവങ്ങളിലൊന്ന് നടന്നത് ബിൽക്കീസ് ബാനുവിന്‍റെ വീട്ടിലാണ്. ബിൽക്കീസ് അന്ന് അഞ്ചുമാസം ഗർഭിണിയായിരുന്ന ഒരു ഇരുപത്തൊന്നുകാരി. അവരുടെ കുടുംബത്തിലെ 14 പേരെയാണ് ബിൽക്കീസിന്‍റെ കൺമുന്നിലിട്ട് കൊന്നുകളഞ്ഞത്. അവരുടെ മൂന്നുവയസ്സുള്ള മകൾ സലേഹയുടെ തല ഒരു പാറയിലിടിച്ചു ചതച്ചു കൊന്നു. ബിൽക്കീസിനെ കൂട്ടബലാത്സംഗം ചെയ്തു ചാവാൻ വിട്ടിട്ടാണ് ആ നരാധമർ പോയത്.

നിരവധി പെണ്ണുങ്ങൾ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട ഈ കുടുംബത്തിൽ അതിജീവിച്ച പ്രായപൂർത്തിയായ ഏകവ്യക്തി ബിൽക്കീസ് ആയിരുന്നു. ബിൽക്കീസ് ബാനു ഈ കൊടുംക്രൂരതയ്ക്കെതിരെ നീതിപീഠത്തിനുമുന്നിൽ പതറാതെ നിന്നു. ഈ ഹീനകൃത്യം ചെയ്ത എല്ലാവരെയും 2008ൽ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഈ ശിക്ഷ ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ചെയ്തു.

ആഗസ്റ്റ് പതിനഞ്ചിന് സ്ത്രീകളുടെ അവകാശം, അഭിമാനം, നാരീശക്തി എന്നിവയെക്കുറിച്ചെല്ലാം പ്രധാനമന്ത്രി ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രസംഗിച്ച അന്നു തന്നെയാണ് ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച വാർത്ത പുറത്തുവരുന്നത്. നരേന്ദ്ര മോദി എന്തെങ്കിലും പറഞ്ഞാൽ അതിനെതിർ ദിശയിൽ എന്തെങ്കിലും ചെയ്തിട്ടായിരിക്കും പ്രസംഗം എന്നത് ഒരു പതിവാണ്. തടവിൽ കിടക്കുന്ന പ്രതികളിൽ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളെ ശിക്ഷാകാലത്തിൽ ഇളവ് നല്കി വിട്ടയക്കരുത് എന്ന ഗുജറാത്ത് സർക്കാറിന്‍റെ തന്നെ നയത്തിനെതിരെയാണ് ഈ വിട്ടയയ്ക്കൽ.

ഈ വിട്ടയക്കലിനെ ന്യായീകരിച്ചുകൊണ്ട് ഈ പതിനൊന്നു കുറ്റവാളികളെ വിട്ടയയ്ക്കാൻ തീരുമാനിച്ച സമിതിയിലെ അംഗമായിരുന്ന ബി.ജെ.പി എം.എൽ.എ സി.കെ. റാവുൾജി പി.ടി.ഐയോട് പറഞ്ഞതാണ് ബി.ജെ.പിയുടെ മനസ്സിലിരുപ്പ് ശരിക്ക് പുറത്തുവിടുന്നത്. "ഞങ്ങൾ ജയിലറോട് ചോദിച്ചപ്പോൾ പറഞ്ഞത്, തടവിൽ അവരുടെ പെരുമാറ്റം നല്ലതായിരുന്നു എന്നാണ്... കൂടാതെ (ശിക്ഷയനുഭവിക്കുന്നവരിൽ ചിലർ) ബ്രാഹ്മണരാണ്. അവർ നല്ല സംസ്കാരം (മൂല്യങ്ങൾ) ഉള്ളവരാണ്." ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കണമെന്ന് ഇന്ത്യയിലെ പൊതുപ്രവർത്തകരായ നിരവധിപേർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയുടെ അടിത്തറയെ ചോദ്യം ചെയ്യുന്ന ഈ നടപടി തിരുത്താൻ നരേന്ദ്ര മോദിയോടും സംഘത്തോടും സുപ്രീം കോടതി ആവശ്യപ്പെടേണ്ടതാണ് -എം.എ. ബേബി ആവശ്യപ്പെട്ടു. 

Tags:    
News Summary - MA baby facebook post on bilkis bano case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.