ഭോപാലിൽനിന്ന് റാതാപാനി വന്യജീവി സംരക്ഷണ കേന്ദ്രമടങ്ങുന്ന വനാന്തർഭാഗത്തുകൂടി കോലാർ ഡാം കടന്നായിരുന്നു മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മണ്ഡലമായ ബുധ്നിയിലേക്കുള്ള യാത്ര. സെഹോർ ജില്ലയിലെ നാല് നിയമസഭ മണ്ഡലങ്ങളിലൊന്നാണിത്. ബുധ്നി മണ്ഡലത്തിലേക്ക് കടന്നപ്പോൾ ആഴ്ച ചന്തയിലേക്ക് കാളവണ്ടികളിലും ഇരുചക്രവാഹനങ്ങളിലും ചരക്ക് വിൽക്കാനായി പോകുന്നവർ.
ചന്തയിലേക്ക് നടന്നുവരുന്നവരുടെ കച്ചവടവും പ്രതീക്ഷിച്ച് വഴിമധ്യേ ജിലേബിയും സമൂസയുമുണ്ടാക്കി വിൽപനക്ക് വെക്കുന്നവർ. കച്ചവടക്കാരും ആവശ്യക്കാരുമെല്ലാം ലാചാരി ഭാഷ സംസാരിക്കുന്ന ആദിവാസികളാണ്. നല്ല ചൂടുള്ള കാൽകിലോ ജിലേബി 20 രൂപക്ക് തന്ന് രാജു ഭാരേല പറഞ്ഞു: ‘നിലവിൽ ആരെ നിർത്തിയാലും മുഖ്യമന്ത്രി ശിവരാജ് സിങ്ങിന് എതിരാളിയാവില്ല’. ശിവരാജിനെതിരെ കോൺഗ്രസ് നിർത്തിയ രാമായണ സീരിയലിലെ ഹനുമാൻ വിക്രം മസ്തലിന്റെ പേര് ചുറ്റിലുമുള്ളവർക്ക് ഓർമയിൽ വരുന്നില്ല.
അമീർഗഞ്ചും അബ്ദുല്ലഗഞ്ചും പിന്നിട്ടാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഏറ്റവും വലിയ പട്ടണമായ നസ്റുല്ല ഗഞ്ചിലെത്തുന്നത്. നസ്റുല്ല ഗഞ്ചിന്റെ പേര് ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഭേരുന്ത എന്നാക്കി മാറ്റിയത്. ഭോപാലിലെ ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷൻ റാണി കമലാപതിയും ഹോഷംഗാബാദ് നർമദാപുരവും ബാബൈ പട്ടണത്തിന്റെ പേര് മഖൻ നഗറുമാക്കിയ ശേഷമായിരുന്നു ഈ മാറ്റം.
അന്നൊക്കെ ആളുകളുടെ മുന്നിലേക്ക് വരാതെ പിറകിലൊതുങ്ങിയിരിക്കുകയായിരുന്നു തങ്ങളെന്ന് സിരോലിയിലെ ഭാരേല ഗോത്രക്കാരനായ ഭീംസിങ് ഭാരേല പറഞ്ഞു. കാട്ടിൽനിന്ന് പട്ടണത്തിൽ വരാൻപോലും സാധ്യമല്ലായിരുന്നു. വിറകൊടിച്ചാലും മരം മുറിച്ചാലും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരമായ പീഡനത്തിനിരയാകുമായിരുന്നു.
ആദിവാസികളുമായി സമ്പർക്കത്തിലായിരുന്ന ശിവരാജ് മുഖ്യന്ത്രിയായതോടെ ഫോറസ്റ്റുകാരും പൊലീസുകാരും അതിക്രമം നിർത്തി. ഭാരേല സമുദായങ്ങൾ കഴിയുന്ന 84 ഗ്രാമങ്ങളുണ്ട്. ഗ്രാമങ്ങളിൽ വൈദ്യുതിയുണ്ട്. വിവിധ ഓഫിസുകളിൽ ആവശ്യങ്ങളുമായി ചെന്നാലും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുള്ളവരായതിനാൽ ഉദ്യോഗസ്ഥരാരും പ്രയാസപ്പെടുത്തില്ല. ഗ്രാമങ്ങളിലെ ചെറിയ കുട്ടികൾപോലും തങ്ങൾ മാമയുടെ ആളുകളാണെന്ന് പറയുമെന്ന് ഭീംസിങ് പറഞ്ഞു.
20 വർഷം കൊണ്ട് കുടുംബത്തിലെ ഒരംഗത്തെപോലെയായ ശിവരാജ് മാമയുടെ ചിഹ്നമാണവർക്ക് താമര. 1990 മുതൽ ബുധ്നിയിൽനിന്ന് മത്സരിക്കുന്ന മുഖ്യമന്ത്രിക്ക് 2006 മുതൽ പോൾ ചെയ്യുന്നതിന്റെ 60 ശതമാനത്തിലേറെ വോട്ട് ലഭിക്കുന്നതിന്റെ കാരണമിതാണ്. മണ്ഡലത്തിൽ 30 ശതമാനം വോട്ടർമാരുള്ള ആദിവാസികളിലെ ഭാരേല സമുദായം ‘ചൗപാൽ’ കൂടി ശിവരാജ് മാമക്ക് വോട്ടുചെയ്യാനിരിക്കുകയാണ്.
വരണ്ടുണങ്ങിയ പട്ടണത്തിൽ വൈകുന്നേരമായിട്ടും തെരഞ്ഞെടുപ്പിന്റെ ആളും ആരവങ്ങളുമൊന്നുമില്ല. ബി.ജെ.പി ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികകളിൽ പേരില്ലാതായതോടെ ശിവരാജ് ഇക്കുറിയുണ്ടാവില്ലേ എന്നായിരുന്നു വോട്ടർമാർ കരുതിയിരുന്നതെന്ന് നസ്റുല്ല ഗഞ്ചിലെ രാകേഷ് രത്തൻ സിങ്ങ് പറഞ്ഞു.
നാമനിർദേശ പത്രിക സമർപ്പിച്ചതോടെ അത് മാറി. മുഖ്യമന്ത്രി ശിവരാജിന്റെ ജയമുറപ്പിച്ചിട്ടും മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തിൽ വോട്ടർമാരിൽ ആശയക്കുഴപ്പം ബാക്കിയാണ്. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, പ്രഹ്ലാദ് പട്ടേൽ, ഫഗൻ സിങ് കുലസ്തെ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്യ തുടങ്ങിയവരെ ബി.ജെ.പി ഡൽഹിയിൽ നിന്നിറക്കിയത് ശിവരാജിനെ മാറ്റാനാണെന്ന് കരുതുന്നവരാണേറെയെന്നും രാകേഷ് പറയുന്നു.
ബുധ്നിയിലെ ആദിവാസികൾക്ക് കാൽനടക്കാരനായി തങ്ങളെ തേടി വന്നിരുന്ന ‘പാവ് വാല ഭയ്യ’യാണ് ശിവരാജ് മാമ. ആദിവാസികൾക്കിടയിൽ വേരോട്ടമുണ്ടാക്കാൻ ശിവരാജ് സിങ് ചൗഹാൻ 90കൾ തൊട്ട് ബുധ്നിയിൽ നിരവധി തവണ നടത്തിയ പദയാത്രകളിലൂടെ വന്നുചേർന്ന പേരാണ് പാവ് വാല ഭയ്യ (കാൽനടക്കാരൻ ചേട്ടൻ).
1990 മുതൽ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയായ ശേഷമാണ് തങ്ങൾക്ക് മനുഷ്യരെന്ന പരിഗണന കാടിന് പുറത്ത് ലഭിച്ചതെന്നാണ് മണ്ഡലത്തിൽ 30 ശതമാനത്തോളം വോട്ടുള്ള ആദിവാസി സമൂഹത്തിൽനിന്നുള്ള ഭേരാൻ സിങ് ഭരേല പറയുന്നത്.
ബുധ്നിക്കാർ ആദിവാസികളെ പരിഹാസത്തോടെ വിളിച്ചിരുന്ന പല വിളിപ്പേരുകളിലൊന്നായിരുന്നു മാമ. ആ പേര് സ്വയമണിഞ്ഞാണ് ശിവരാജ് സിങ് ചൗഹാൻ ആദിവാസികൾക്കിടയിലേക്ക് വന്നതെന്ന് ഭേരാൻ സിങ് പറയുന്നു. അക്കാലത്ത് ലംഗോട്ടിയ, ഭീൽ, മാമ എന്നൊക്കെ പരിഹാസ പേരുകളിലായിരുന്നു ആദിവാസികളെ കാട്ടിന് പുറത്തുള്ളവർ അഭിസംബോധന ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.