മധ്യപ്രദേശ്: ഭാരത് ജോഡോ യാത്ര കടന്നുപോയ മണ്ഡലങ്ങളിൽ കോൺഗ്രസിന് വിജയ പ്രതീക്ഷ

ഭോപാൽ: മധ്യപ്രദേശിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കടന്നുപോയ 21 നിയമസഭ സീറ്റുകളിലും വിജയം കൊയ്യാമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്. തെരഞ്ഞെടുപ്പു നടന്ന കർണാടകയിൽ 20 മണ്ഡലങ്ങളിലൂടെ ജോഡോ യാത്ര പോയപ്പോൾ 15 ഇടത്തും വിജയിച്ചതിന്റെ ആത്മവിശ്വാസമാണ് മധ്യപ്രദേശിലും പാർട്ടി ഉറ്റുനോക്കുന്നത്. നവംബർ 17 ന് 230 നിയമസഭ മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. കഴിഞ്ഞ തവണ പാതിവഴിയിൽ നഷ്‌ടപ്പെട്ട ഭരണം തിരിച്ചുപിടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം.

കഴിഞ്ഞ മാസം, കാർഗിൽ ലഡാക്ക് സ്വയംഭരണ ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം നേടിയപ്പോൾ, ഇത് ഭാരത് ജോഡോ യാത്രയുടെ നേരിട്ടുള്ള സ്വാധീനമാണെന്ന് പാർട്ടി അഭിപ്രായപ്പെട്ടിരുന്നു. മധ്യപ്രദേശിൽ യാത്ര മാൾവ-നിമർ മേഖലയിലെ ആറ് ജില്ലകളിലൂടെ രണ്ടാഴ്ചകൊണ്ട് 380 കിലോമീറ്ററാണ് താണ്ടിയത്. ഈ 21 മണ്ഡലങ്ങളിൽ 2018ൽ ബി.ജെ.പിക്ക് 14 ഉം കോൺഗ്രസിന് ഏഴും സീറ്റാണ് ലഭിച്ചത്.

ഭാരത് ജോഡോ യാത്രയുടെ സ്വാധീനം ചെറുതല്ലെന്നും പാർട്ടിയുടെ സീറ്റ് വർധിപ്പിക്കുമെന്നും മാൾവ-നിമറിൽ നിന്നുള്ള മുൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അരുൺ യാദവ് വാർത്ത ഏജൻസിയോട് പറഞ്ഞു. യാത്രയെ തുടർന്ന് ധാരാളം യുവ വോട്ടർമാർ കോൺഗ്രസിലേക്ക് ആകർഷിക്കപ്പെട്ടെന്നും അദ്ദേഹം പറയുന്നു.

Tags:    
News Summary - Madhya Pradesh: Congress hopes to win in constituencies where Bharat Jodo Yatra has passed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.