ബി.ജെ.പി ഭരണത്തിന് കീഴിൽ മധ്യപ്രദേശിലെ ആരോഗ്യ സംവിധാനം തകർന്നു- കോൺഗ്രസ്

ഭോപ്പാൽ: ബി.ജെ.പി ഭരണത്തിന് കീഴിൽ മധ്യപ്രദേശിലെ ആരോഗ്യ സംവിധാനം തകർന്നുവെന്ന് കോൺഗ്രസ് നേതാവ് ചരൺ സപ്ര. മധ്യപ്രദേശിലെ ഇൻഡോറിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ആരോഗ്യസംവിധാനം തകർന്നു.ആശുപത്രികൾ മോശം അവസ്ഥയിലാണ്. ആശുപത്രി ഉപകരണങ്ങൾ വാങ്ങിയതിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നു. സംസ്ഥാനത്ത് നടന്ന നഴ്‌സിംഗ് അഴിമതിയുടെ പ്രതിധ്വനി രാജ്യം മുഴുവൻ കേട്ടു"- സപ്ര പറഞ്ഞു.

സംസ്ഥാനത്ത് 75000 ഡോക്ടർമാരുടെ തസ്തികകൾ അനുവദിച്ചിട്ടുണ്ടെങ്കിലും 3500 എണ്ണം മാത്രമാണ് ഇതുവരെ നികത്തിയിട്ടുള്ളത്. പല മെഡിക്കൽ സ്ഥാപനങ്ങളും അനുമതിയില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ ഉദ്യോഗസ്ഥർ അവരിൽ നിന്ന് പണം തട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സി.എ.ജി റിപ്പോർട്ട് അനുസരിച്ച് മധ്യപ്രദേശിലെ ആയുഷ്മാൻ യോജനയിൽ മൃതദേഹങ്ങൾ പരിപാലിക്കാനെന്ന പേരിൽ സർക്കാരിൽ നിന്ന് പണം കൈപ്പറ്റിയെന്നും കൊവിഡ് 19 മഹാമാരിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതിനെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി തന്റെ ഫോട്ടോ പതിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഓക്‌സിജന്റെയും മറ്റും അഭാവം മൂലം മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റിൽ ഫോട്ടോ പതിപ്പിച്ചിട്ടില്ലെന്നും പറഞ്ഞ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചു.

കേസുകളെല്ലാം അന്വേഷിക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് സംസ്ഥാനത്തെ ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇതിനുപുറമെ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ജനങ്ങൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. പഴയ പെൻഷൻ പദ്ധതി നടപ്പാക്കും, വിലകുറവിൽ മരുന്ന് ലഭിക്കാൻ കടകൾ തുറക്കുമെന്നും ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുമെന്നും ചരൺ സപ്ര പറഞ്ഞു.

കർഷകർക്ക് കോൺഗ്രസ് വ്യാജ വായ്പ എഴുതിത്തള്ളൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ പറഞ്ഞിരുന്നു. അങ്ങനെയാണെങ്കിൽ എന്തുകൊണ്ട് അന്ന് ശബ്ദം ഉയർത്തിയില്ലെന്നും അദ്ദേഹം കള്ളം പറയുകയാണെന്നും സപ്ര പറഞ്ഞു.

കമൽനാഥിന്റെ നേതൃത്വത്തിലുള്ള മുൻ കോൺഗ്രസ് സർക്കാരിനെ കേന്ദ്രമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. കോൺഗ്രസ് സർക്കാർ വികസന വിരുദ്ധ സർക്കാരാണെന്നും അവർ നിരവധി ക്ഷേമ പദ്ധതികൾ നിർത്തലാക്കിയെന്നും അമിത് ഷാ ആരോപിച്ചിരുന്നു.

Tags:    
News Summary - "Madhya Pradesh's health system has collapsed under BJP rule": Congress' Charan Sapra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.