ചെന്നൈ: മീടു ആരോപണത്തെ തുടർന്ന് മാനനഷ്ടക്കേസ് ഫയൽ ചെയ്തതിെൻറ പേരിൽ എഴുത്തുകാരിയും ചലച്ചിത്ര പ്രവർത്തകയുമായ ലീന മണിമേഖലയുടെ പാസ്പോർട്ട് കണ്ടുക്കെട്ടാനുള്ള സൈദാപേട്ട മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് മദ്രാസ് ഹൈകോടതി റദ്ദാക്കി. ഒരാഴ്ചക്കകം പാസ്പോർട്ട് ലീന മണിമേഖലക്ക് തിരികെ നൽകാനും ജസ്റ്റിസ് എം. ദണ്ഡപാണി ഉത്തരവിട്ടു.
2018ലാണ് തമിഴ് സംവിധായകൻ സുശി ഗണേശനെതിരെ ലീന മീടു ആരോപണമുന്നയിച്ചത്. 2005ൽ നിർബന്ധപൂർവം കാറിൽ കയറ്റി ലൈംഗികോപദ്രവം നടത്തിയതായാണ് ലീന വെളിപ്പെടുത്തിയത്. ഒടുവിൽ തെൻറ ബാഗിൽ സൂക്ഷിച്ചിരുന്ന മൂർച്ചയേറിയ ആയുധമുപയോഗിച്ച് സ്വയം മുറിവേൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടതെന്നും ലീന പറഞ്ഞിരുന്നു. പേര് വെളിപ്പെടുത്താതെ ഫേസ്ബുക്കിലാണ് ലീന ആദ്യം സംഭവം വിശദീകരിച്ചത്.
പിന്നീട് മീടു വിവാദം കത്തിനിന്ന സമയത്ത് പ്രതിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു. ആരോപണം നിഷേധിച്ച സുശി ഗണേശൻ മണിമേഖലക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
മാനനഷ്ടക്കേസിൽനിന്ന് രക്ഷപ്പെടാൻ ലീന രാജ്യം വിടാൻ ശ്രമിക്കുകയാണെന്നും പാസ്പോർട്ട് മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സുശി ഗണേശൻ നൽകിയ മറ്റൊരു ഹരജിയിൻമേലാണ് സൈദാപേട്ട കോടതി നിർദേശപ്രകാരം ബന്ധപ്പെട്ട അധികൃതർ പാസ്േപാർട്ട് കണ്ടുകെട്ടിയത്.
കോടതിയിൽ മാനനഷ്ടക്കേസ് നിലനിൽക്കുന്നത് പാസ്പോർട്ട് കണ്ടുകെട്ടുന്നതിന് തക്ക കാരണമല്ലെന്ന് ചൂണ്ടിക്കാട്ടി ലീന സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. കാനഡയിലെ യോർക്ക് യൂനിവേഴ്സിറ്റിയിൽ ഗവേഷണ പദ്ധതിയുടെ ഭാഗമായി പോകാനിരിക്കെയാണ് 2021 സെപ്റ്റംബർ ഒൻപതിന് പാസ്പോർട്ട് തടഞ്ഞുവെച്ചതെന്ന് ലീന ഹരജിയിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.