ചെന്നൈ : ഹോസ്റ്റൽ വാർഡന്‍റെ നിരന്തര പീഡനവും, നിർബന്ധിത മതപരിവർത്തന ശ്രമവും സഹിക്കാനാകാതെ ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശിനിയായ വിദ്യാർത്ഥിയുടെ അന്ത്യകർമ്മങ്ങൾ നടത്തണമെന്ന് നിർദ്ദേശിച്ച് മദ്രാസ് ഹൈക്കോടതി. പെൺകുട്ടിയുടെ മൃതദേഹം സ്വീകരിക്കണമെന്നും അന്ത്യകർമ്മകൾ നടത്തണമെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദ്ദേശിച്ചു.
വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയ സ്കൂളിനെതിരേയും, ഹോസ്റ്റലിനെതിരേയും നടപടിയെടുക്കണമെന്നാശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം പ്രതിഷേധത്തിലായിരുന്നു. തമിഴ്നാട് പൊലീസിന്‍റെ ക്രൈ ഇൻവെസ്റ്റിഗേഷൻ സംഘം കേസ് അന്വേഷിക്കണമെന്നും, പെൺകുട്ടിയുടെ മൃതദേഹം രണ്ടാമത് പോസ്റ്റുമാർട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ട് പിതാവ് മുരുഗാനന്ദൻ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയിലാണ് കോടതിയുടെ മറുപടി. പിതാവിന്‍റെ ഹരജി നിരസിച്ച കോടതി, മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തുന്നതിന് പ്രത്യേക മജിസ്ട്രേറ്റിനെ നിയോഗിച്ചു.
മരണത്തിന് മുമ്പ് മജിസ്ട്രേറ്റിന് മുമ്പാകെ പെൺകുട്ടി നൽകിയ മൊഴി വീഡിയോയിൽ പകർത്തിയിട്ടുണ്ടെന്നും മതപരിവർത്തനം സംബന്ധിച്ച പരാതി പെൺകുട്ടിയോ, വീട്ടുകാരോ ഉന്നയിച്ചിട്ടില്ലെന്നും ഉന്നത പൊലീസ് ഉദ്ദ്യോഗസ്ഥ റവാലി പ്രിയ ഗന്ധപുനേനി പറഞ്ഞു. മതപരിവർത്തനവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വിഡിയോ പുറത്തുവിട്ടയാൾക്കെതിരെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ജുവനൈൽ നിയമലംഘനം നടത്തിയതിന് ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
ഈ മാസം ഒമ്പതിനാണ് തഞ്ചാവൂർ സെന്‍റ് മൈക്കിൾസ് ഹോം ബോർഡിങ് ഹൗസിലെ അന്തേവാസിയായ ലാവണ്യ ആത്മഹത്യക്ക് ശ്രമിച്ചത്. തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് വാർഡൻ നിരന്തരമായി ശകാരിക്കുകയും, ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്നും, ഹോസ്റ്റലിലെ മുറികളെല്ലാം തന്നെക്കൊണ്ട് വൃത്തിയാക്കിക്കാറുണ്ടായിരുന്നതായും പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. മരണശേഷം പുറത്തുവന്ന വിഡിയോയിൽ ക്രിസ്ത്യൻ മതം സ്വീകരിക്കാൻ വാർഡൻ തന്നെ നിരന്തരമായി നിർബന്ധിക്കാറുണ്ടായിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. മതപരിവർത്തനത്തിന് തയ്യാറാകാത്തതാണ് പീഡനത്തിന് കാരണമെന്ന് സംശയിക്കുന്നതായും പെൺകുട്ടി വീഡിയോയിൽ പറഞ്ഞിരുന്നു. സംഭവത്തിൽ ആത്മഹത്യാ പ്രേരണ, ജുവനൈൽ നിയമങ്ങൾ എന്നിവ ചുമത്തി വാർഡൻ സകായാമേരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, നിർബന്ധിത മതപരിവർത്തനശ്രമം അപകട സൂചനയാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി പ്രതിഷേധം ശക്തമാക്കി. മതപരിവർത്തന നിരോധന നിയമം കൊണ്ടു വരണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. എന്നാൽ, പെൺകുട്ടിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത് ജുവനൈൽ നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുൻ ഐ.പി.എസ് ഓഫീസറും, ബി.ജെ.പി സംസ്ഥാന നേതാവുമായ അണ്ണാമലൈക്കെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. നിലവിൽ തമിഴ്നാട്ടിൽ മതപരിവർത്തനെതിരായ നിയമങ്ങൾ ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.