സി.പി.എം പാർട്ടി കോൺഗ്രസിനെ വരവേറ്റ് മധുരയിൽ
ഒരുക്കിയ കമാനം
മധുര: അരനൂറ്റാണ്ടിനുശേഷം വീണ്ടും സി.പി.എം പാർട്ടി കോൺഗ്രസിന്റെ ചുവപ്പണിഞ്ഞ് മധുര. വൈഗൈ നദീതീരത്ത് ക്ഷേത്രങ്ങളും പള്ളികളും കൊട്ടാരങ്ങളും തെരുവുകളെ അലങ്കരിക്കുന്ന മധുര നഗരത്തിൽ ഏപ്രിൽ രണ്ടു മുതൽ ആറുവരെയാണ് 24ാം പാർട്ടി കോൺഗ്രസ് നടക്കുക. 1972 ജൂൺ 27 മുതൽ ജൂലൈ രണ്ടുവരെ ഒമ്പതാം പാർട്ടി കോൺഗ്രസ് നടന്ന തമുക്കം മൈതാനത്താണ് ഇത്തവണത്തെയും സമ്മേളനം.
സീതാറാം യെച്ചൂരി വിടവാങ്ങിയതോടെ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണ് പോളിറ്റ് ബ്യൂറോ കോഓഡിനേറ്റർ എന്ന നിലയിൽ ജനറൽ സെക്രട്ടറിയുടെ ചുമതല നിർവഹിക്കുന്നത്. സീതാറം യെച്ചൂരി നഗറിൽ, കേരളത്തിൽ നിന്നുള്ള 175 പേരടക്കം 819 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം കഴിഞ്ഞ മൂന്നുവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തും. ഒപ്പം അടുത്ത മൂന്നുവർഷത്തേക്കുള്ള പാർട്ടിയുടെ രാഷ്ട്രീയ നയ നിലപാടുകൾക്ക് അന്തിമരൂപം നൽകുകയും ചെയ്യും.
പതിവു സംഘടനാരീതിക്കുപരിയായി സാംസ്കാരിക-സിനിമ മേഖലയിലെയടക്കം പ്രമുഖർ പങ്കെടുക്കുന്ന വലിയ സെഷനുകൾ സമ്മേളനത്തിന്റെ ഭാഗമായിത്തന്നെ ഇത്തവണ നടക്കും. ഏപ്രിൽ രണ്ടിന് രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. തുടർന്ന് പത്തരക്ക് കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാളിൽ പോളിറ്റ് ബ്യൂറോ കോഓഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. മണിക് സർക്കാർ അധ്യക്ഷതവഹിക്കും.
സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ അടക്കമുള്ളവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. മൂന്നിന് വൈകീട്ട് അഞ്ചിന് ‘ഫെഡറലിസമാണ് ഇന്ത്യയുടെ കരുത്ത്’ സെമിനാറിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സംസാരിക്കും. ആറിന് പുതിയ കേന്ദ്ര കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുത്ത് റെഡ് വളന്റിയർമാർ പരേഡിന്റെ അകമ്പടിയുള്ള പൊതുസമ്മേളനത്തോടെ പാർട്ടി കോൺഗ്രസ് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.