മുംബൈ: ഒറ്റനോട്ടത്തില്‍ സഖ്യകക്ഷിയായ ശിവസേന പോലും എതിരായാല്‍ വെല്ലുവിളിയില്ലാ ത്ത വിധം ബി.ജെ.പി കാലുറപ്പിച്ചതായാണ് മഹാരാഷ്ട്ര കാഴ്ച. ഓരോ മേഖലയിലും പ്രബലരായ എം. എല്‍.എമാരും എം.പിയും ഉൾപ്പെടെ എന്‍.സി.പി നേതാക്കളെ അടര്‍ത്തിയെടുത്ത് പ്രതിപക്ഷ സ ഖ്യത്തെ ദുര്‍ബലമാക്കിയ ആത്മവിശ്വാസം. ശിവസേനയെ നോക്കുകുത്തിയാക്കി ഇത്തവണയും ദേവേ ന്ദ്ര ഫട്നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. മറുഭാഗത്ത് പാര്‍ട്ടി ബാക്കിയുണ്ടെങ്കിലും നേതാവില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. എന്‍.സി.പിയാകട്ടെ നേതാവുണ്ടെങ്കിലും പാര്‍ട്ടിയില്ലാത്ത ദുര്‍ഗതിയിലും. അതിനാല്‍, ശരദ് പവാറിനെ മുന്നില്‍നിർത്തി പോരു മുറുക്കാനാണ് കോണ്‍ഗ്രസ് നീക്കം.
സാമ്പത്തിക, കാര്‍ഷിക, തൊഴില്‍ പ്രതിസന്ധികള്‍ തുറിച്ചുനോക്കുന്നുണ്ടെങ്കിലും കശ്മീര്‍, ദേശീയത വിഷയങ്ങള്‍ ഉയര്‍ത്തി മറികടക്കാനാണ് ബി.ജെ.പി ലക്ഷ്യം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനവികാരവും ഫലവും തമ്മില്‍ വലിയ അന്തരമായിരുന്നു. പ്രതികൂലമാകുമെന്ന് കരുതിയ ഘടകങ്ങളൊന്നും പ്രതിഫലിച്ചില്ല. പുല്‍വാമയും പാകിസ്താനെതിരായ മിന്നലാക്രമണവും സ്വാധീനിച്ചതായാണ് വിലയിരുത്തല്‍. 48 ലോക്സഭ സീറ്റിൽ 41ഉം ബി.ജെ.പി- സേന സഖ്യം തൂത്തുവാരി.
2014ല്‍ നരേന്ദ്ര മോദി തരംഗത്തില്‍ ശിവസേനയില്ലാതെ ഒറ്റക്ക് മത്സരിച്ച ബി.ജെ.പി മഹാരാഷ്ട്ര പിടിച്ചടക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ആദ്യ ബി.ജെ.പി സര്‍ക്കാറാണ് ഫട്നാവിസിെൻറ നേതൃത്വത്തില്‍ അധികാരത്തിൽ വന്നത്. 288ല്‍ 122 സീറ്റ് ബി.ജെ.പി ഒറ്റക്ക് നേടി. 63 നേടി സേന പിടിച്ചു നിന്നു. സഖ്യം വിട്ട് തനിച്ച് മത്സരിച്ച കോണ്‍ഗ്രസ് 42ലും എന്‍.സി.പി 41ലും ഒതുങ്ങി. രണ്ട് സീറ്റ് നേടി ഒാള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് അക്കൗണ്ട് തുറന്നു. ഭൂരിപക്ഷം തികക്കാന്‍ ബി.ജെ.പി പിന്നീട് ശിവസേനയെ കൂട്ടിയെങ്കിലും നയരൂപവത്കരണത്തില്‍ പങ്കാളിയാക്കിയില്ല.
135 സീറ്റും രണ്ടര വര്‍ഷം മുഖ്യമന്ത്രി പദവും എന്ന ഉറപ്പിലാണ് ബി.ജെ.പിയുമായി വീണ്ടും സഖ്യമായതെന്ന് ശിവസേന പറയുന്നു. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് ശിവസേന നേതാവ് ഉദ്ധവിെൻറ മകന് ആദിത്യ താക്കറെ മത്സരിക്കാനും ഒരുങ്ങുകയാണ്. എന്നാല്‍, ബി.ജെ.പി ക്യാമ്പ് ഇതെല്ലാം തള്ളുന്നു. മുഖ്യമന്ത്രി ഫട്നാവിസ് തന്നെ എന്നാണ് അവരുടെ അവകാശവാദം. ഇരുവരും തമ്മിൽ സീറ്റ് ധാരണ ആയിട്ടില്ല. ബി.ജെ.പിയുടെ മേൽെക്കെ തിരിച്ചറിഞ്ഞ സേന കരുതലോടെയാണ് നീങ്ങുന്നത്. കോണ്‍ഗ്രസും എന്‍.സി.പിയും 125 വീതം സീറ്റുകളില്‍ മത്സരിക്കാനും 38 സീറ്റുകള്‍ മറ്റു കക്ഷികള്‍ക്ക് നല്‍കാനുമാണ് തീരുമാനം.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം ദയനീയമാക്കിയ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഗാഡി നിയമസഭ തെരഞ്ഞെടുപ്പിലും ആരുമായും കൂട്ടുകൂടില്ല. മജ്ലിസ് അഗാഡി വിട്ട് തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മോദിക്ക് എതിരെ വാചാലനായ രാജ് താക്കറെ മൗനത്തിലാണ്. കോഹിനൂര്‍ കേസില്‍ എന്‍ഫോഴ്സ്മെൻറ് ചോദ്യംചെയ്ത ശേഷമാണ് രാജിെൻറ മൗനം. 15 സീറ്റുകളിലെങ്കിലും മത്സരിക്കുമെന്ന് അദ്ദേഹത്തിെൻറ മഹാരാഷ്ട്ര നവ നിര്മാൺ സേന നേതാക്കള്‍ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.