മുംബൈ: ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ വിണ്ടും ആഞ്ഞടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശ്രീരാമൻ ജനിച്ചില്ലായിരുന്നെങ്കിൽ ബി.ജെ.പി എന്ത് പ്രശ്‌നം ഉന്നയിച്ചാണ് തെരഞ്ഞെടുപ്പുകളെ നേടുകയെന്ന് അദ്ദേഹം ചോദിച്ചു. ഏപ്രിൽ 12ന് നടക്കുന്ന ഉപതെരഞ്ഞടുപ്പിൽ കോലാപ്പൂർ നോർത്ത് സീറ്റിൽ നിന്നുള്ള മഹാ വികാസ് അഘാഡിയുടെ സ്ഥാനാർഥി ജയശ്രീ ജാദവിന് വേണ്ടിയുള്ള പ്രചാരണറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇന്ന് രാമനവമിയാണ്. ഇവിടെ ശ്രീരാമൻ ജനിച്ചില്ലായിരുന്നെങ്കിൽ ബി.ജെ.പി രാഷ്ട്രീയത്തിൽ എന്ത് പ്രശ്‌നമുന്നയിച്ചാണ് പിടിച്ചുനിൽക്കുകയെന്ന് എനിക്ക് അത്ഭുതമുണ്ട്. അവർ എപ്പോഴും രാഷ്ട്രീയത്തിൽ സാമുദായിക പ്രശ്‌നങ്ങളെ മുൻനിരയിൽ നിർത്തി പ്രശ്നവത്ക്കരിക്കാനാണ് ശ്രമിക്കാറുള്ളത്" - താക്കറെ പറഞ്ഞു.
ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചുവെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞുനടക്കുന്നത് ശരിയല്ലെന്നും ബി.ജെ.പി വ്യാജ ഹിന്ദുത്വത്തെയാണ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വത്തിന്റെ പേറ്റന്റ് ബി.ജെ.പി യുടെ കൈവശമല്ല ഉള്ളതെന്നും അദ്ദേഹം പരിഹസിച്ചു. ശിവസേന അധ്യക്ഷൻ ബാലാസാഹേബ് താക്കറെയും ഛത്രപതി ശിവാജി മഹാരാജുമാണ് യഥാർഥ ഹിന്ദുയിസത്തിന്‍റെ വക്താക്കളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.