മുംബൈ: ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ ശങ്കരാചാര്യന്മാരിലൂടെ രാമക്ഷേത്രം ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാന പടോലെ. രാമക്ഷേത്ര നിർമാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആചാരങ്ങൾക്കെതിരായാണ് പ്രവർത്തിച്ചതെന്നും പ്രതിപക്ഷ സഖ്യം സർക്കാർ രൂപവത്കരിച്ചാൽ അത് തിരുത്തുമെന്നും പടോലെ പറഞ്ഞു.
‘അവിടെയുള്ളത് ശ്രീരാമന്റെ പ്രതിമയല്ല, രാം ലല്ലയുടെ ശിശുരൂപമാണ്. രാമക്ഷേത്ര നിർമാണത്തിൽ ആചാരവിരുദ്ധമായാണ് നരേന്ദ്രമോദി പ്രവർത്തിച്ചത്. ഇത് ഞാൻ പറയുന്നതല്ല. ശരിയായ ആചാരങ്ങൾ പാലിച്ചിട്ടില്ലെന്ന് നാല് ശങ്കരാചാര്യന്മാർ പറഞ്ഞു. ശങ്കരാചാര്യന്മാർ പറഞ്ഞതനുസരിച്ച് ചെയ്യുമെന്നാണ് ഞങ്ങൾ പറയുന്നത്. അവിടെ രാം ദർബാർ സ്ഥാപിക്കും’ -കോൺഗ്രസ് നേതാവ് പറഞ്ഞു.
മഹാരാഷ്ട്രയിൽ ആകെയുള്ള 48 സീറ്റിൽ ഇൻഡ്യ സഖ്യം 35ലധികം നേടുമെന്ന് കഴിഞ്ഞ ദിവസം അവകാശപ്പെട്ട നാന പടോലെ, ജൂൺ നാലിന് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നാലുടൻ ഏക്നാഥ് ഷിണ്ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ വീഴുമെന്നും പറഞ്ഞിരുന്നു.
ജനുവരി 22ന് നടത്തിയ പ്രാണപ്രതിഷ്ഠ ചടങ്ങോടെയാണ് അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിച്ച രാമക്ഷേത്രം പൊതുജനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുകൊടുത്തത്. സിനിമ-കായിക രംഗത്തെ പ്രമുഖരടക്കം 10,000 പേർ പങ്കെടുത്ത ചടങ്ങിലെ ആചാര ലംഘനത്തിനെതിരെ നാല് പ്രധാന ഹിന്ദു മഠങ്ങളുടെ അധിപരായ ശങ്കരാചാര്യന്മാർ രംഗത്തുവന്നിരുന്നു. നിർമാണം പൂർത്തിയാകാത്ത ക്ഷേത്രത്തിൽ ഭഗവാൻ രാമന്റെ പ്രതിഷ്ഠ നടത്തിയതിനെതിരെയായിരുന്നു പ്രധാന വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.