മുംബൈ: മഹാരാഷ്ട്രയിലെ യവത്മാലിൽ നരഭോജിയായ പെൺകടുവ ‘അവനി’യെ വെടിവെച്ചുകൊന്ന വിവാദത്തിൽ കേന്ദ്ര മന്ത്രി മേനക ഗാന്ധിയും സംസ്ഥാന വനം വകുപ്പ് മന്ത്രി സുധീർ മുൻഗൻ തിവാറും തമ്മിൽ പോര് മുറുകുന്നു. രണ്ട് കുഞ്ഞുങ്ങളുള്ള കടുവയെ കൊന്നത് വലിയ കുറ്റകൃത്യമാണെന്ന് പറഞ്ഞ മേനക ഗാന്ധി, മന്ത്രി മുൻഗൻ തിവാർ മൃഗസ്നേഹികളുടെ അപേക്ഷക്ക് ചെവികൊടുക്കാതെയാണ് കൊല്ലാൻ ഉത്തരവിട്ടതെന്നും ഇതിനെതിരെ മുഖ്യമന്ത്രിയോട് പരാതിപ്പെടുമെന്നും പറഞ്ഞിരുന്നു.
എന്നാൽ, മേനകയുടെ ക്ഷോഭത്തോട് രൂക്ഷമായാണ് മുൻഗൻ തിവാർ പ്രതികരിച്ചത്. കാര്യങ്ങൾ മേനക ഗാന്ധിക്ക് അറിയാഞ്ഞിട്ടാണെന്നും പരാതിപ്പെടുന്നതിന് പകരം അവർ തനിക്ക് എതിരെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടട്ടെ എന്നും അദ്ദേഹം പറഞ്ഞു. ദേശീയ കടുവ സംരക്ഷണ അതോറിറ്റി മാർഗനിർദേശങ്ങൾ പാലിച്ചാണ് കടുവയെ വധിച്ചതെന്നും അതിൽ പാളിച്ചയുണ്ടെങ്കിൽ കേന്ദ്ര മന്ത്രിയായ അവർ തിരുത്ത് ആവശ്യപ്പെടട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടുവയെ വധിക്കാൻ നിയോഗിച്ച വേട്ടക്കാരൻ അസ്ഗർ അലി ദേശവിരുദ്ധനാണെന്നും അയാൾക്ക് എതിരെ കേസുകളുണ്ടെന്നും മേനക പറഞ്ഞിരുന്നു. ഇതിനോട്, എങ്കിൽ അയാൾക്ക് എതിരെ കേന്ദ്ര മന്ത്രി എന്ന നിലക്ക് മേനക അറസ്റ്റിന് ഉത്തരവിടട്ടെ എന്നായിരുന്നു പ്രതികരണം. മേനക മൃഗങ്ങളെ സ്നേഹിക്കുന്നു. വനിത ശിശുക്ഷേമ മന്ത്രിയാണവർ. കടുവ കൊലപ്പെടുത്തിയ സ്ത്രീകളെക്കുറിച്ച് എനിക്ക് ചിന്തിക്കേണ്ടതുണ്ട് - മുൻഗൻ തിവാർ പറഞ്ഞു. ബി.ജെ.പി നേതാക്കളായ ഇരു മന്ത്രിമാരുടെയും പോര് പാർട്ടി നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.