പാളികളായി ഇളക്കിയെടുക്കാവുന്ന റോഡ്; മഹാരാഷ്ട്രയിലെ പുതിയ ‘ഭരണനേട്ടം’ കണ്ട് മൂക്കത്ത് വിരൽവച്ച് നാട്ടുകാർ -വിഡിയോ

വികസനം വരുന്നെന്ന് കേട്ടപ്പോൾ അത് ഇത്രയും ‘ഭയങ്കര’മായിരിക്കുമെന്ന് ആ പാവം നാട്ടുകാർ വിചാരിച്ചിരുന്നില്ല. നല്ലൊരു റോഡ് വേണമെന്നേ ആ പാവം ഗ്രാമവാസികൾ ആഗ്രഹിച്ചിരുന്നുള്ളു. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. അവസാനം റോഡ് പണി തീർന്നപ്പോഴാണ് ഇത് വല്ലാത്തൊരു പണിയാണെന്ന് നാട്ടുകാർക്ക് മനസിലായത്.

ബി.ജെ.പി-ശിവസേന വിമത വിഭാഗം സംയുക്ത സർക്കാർ ഭരിക്കുന്ന മഹാരാഷ്ട്രയിലെ റോഡാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. അംബാദ് താലൂക്കിലെ ഹസ്ത് പൊഖാരി, കര്‍ജാത്ത് പ്രദേശത്താണ് സംഭവം. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (PMGSY) പദ്ധതിയുടെ ഭാഗമായാണ് റോഡ് പണികഴിപ്പിച്ചത്. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റോഡിന്റെ നിര്‍മാണമെന്നാണ് കരാറുകാരന്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ പണിപുർത്തിയായി അൽപ്പ ദിവസത്തിനകം പുന്തോട്ടത്തില്‍ പാകുന്ന പുല്‍ത്തകിടി പോലെ റോഡ് പൊളിഞ്ഞ് വരുന്ന കാഴ്ചയാണ് നാട്ടുകാർ കണ്ടത്. ഇത് അവരിൽ ചില വിഡിയോ ആക്കി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

റോഡ് നിര്‍മാണത്തിലെ അപകാതകളുടെയും കുണ്ടും കുഴിയും നിറഞ്ഞ റോഡുകളുടെയും കാഴ്ച നമ്മള്‍ നിറയെ കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോ കാഴ്ചക്കാരെ ഞെട്ടിക്കും. ഗ്രാമീണര്‍ കൈകള്‍കൊണ്ട് ഒരു പായ എടുത്തുയര്‍ത്തുന്ന രീതിയില്‍ റോഡ് ഉയര്‍ത്തുന്നത് വിഡിയോയിൽ കാണാം. വൈറലായി മാറിയ റോഡിന്റെ അവസ്ഥ മുമ്പ് അതിദയനീയമായിരുന്നു. ജനപ്രതിനിധികളെ പരാതി ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർമാണം തുടങ്ങിയത്. 9.3 കിലോമീറ്ററാണ് റോഡിന്റെ നീളം. റോഡില്‍ കല്ല് പതിക്കുന്ന ഘട്ടത്തില്‍ കോണ്‍ട്രാക്ടര്‍ സൈറ്റ് സന്ദര്‍ശിക്കുന്നത് നിര്‍ത്തിയെന്ന് നാട്ടുകാർ പറയുന്നു.

ഗ്രാമീണര്‍ പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങിയതോടെ അവരുടെ വായടപ്പിക്കാനായി തിടുക്കത്തില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. റോഡ് നിര്‍മാണത്തിലെ അപാകതകള്‍ തുറന്ന് കാണിച്ച ഗ്രാമീണര്‍ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരെയാണ് വിരല്‍ചൂണ്ടുന്നത്. ഏതായാലും റോഡ് പണിയിലെ അഴിമതിക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ നേടിക്കൊടുക്കുന്നതിന് ഏതറ്റം വരെയും പോകുമെന്നാണ് നാട്ടുകാർ പറയുന്നത്.


Tags:    
News Summary - Maharashtra Villagers Exposing Poor-quality Road By Lifting it Like a 'Carpet' Inspire Memes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.