കൊല്‍ക്കത്ത: കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ തീപ്പൊരി പ്രാസംഗികയും എം.പിയുമായ മഹുവ മൊയ്ത്ര. ആരുടെ നിലവറകൾ നിറക്കാനാണ് കാർഷിക നിയമങ്ങൾ സഹായിക്കുക എന്നടക്കം പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി അവർ ട്വീറ്റ് ചെയ്തു.
യഥാർഥത്തിൽ ആർക്കാണ് ഈ കാർഷിക നിയമങ്ങൾ വേണ്ടത് ?, ആരുടെ നിലവറകളാണ് ഈ നിയമങ്ങൾ കാരണം നിറയുക ? , കാർഷിക നിയമങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി പുനരാലോചന നടത്തിയാൽ ആർക്കാണ് നഷ്ടം? എന്നിങ്ങനെ മൂന്ന് ചോദ്യങ്ങളാണ് അവർ പ്രധാനമന്ത്രിയോട് ഉന്നയിച്ചത്.
ഡൽഹിയിലെ കാർഷിക സമരം 36 ദിവസം പൂർത്തിയാക്കിയിട്ടും നിയമങ്ങളിൽ മാറ്റം വരുത്താൻ തയാറാകാതെ കേന്ദ്ര സർക്കാർ പിടിവാശി തുടരുന്ന സാഹചര്യത്തിലാണ് മഹുവ ഇതു സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചത്. കോർപറേറ്റുകൾക്ക് വേണ്ടിയാണ് കേന്ദ്രസർക്കാർ കാർഷിക നിയമം കൊണ്ടുവന്നതെന്ന വിമർശനം തൃണമൂൽ നിരന്തരം ഉയർത്തിയിരുന്നു.
കർഷകരുടെ നന്മക്കായാണ് നിയമങ്ങൾ കൊണ്ടുവന്നതെന്ന കേന്ദ്രത്തിന്‍റെ വാദത്തിലെ വസ്തുതയില്ലായ്മ തുറന്നു കാട്ടുന്ന രൂപത്തിലാണ് മഹുവയുടെ ട്വീറ്റ്. കർഷകർ പറയുന്നത് നിയമങ്ങൾ അവരെ സഹായിക്കുന്നില്ലെന്നാണെന്ന് അവർ പറഞ്ഞു. കാർഷിക നിയമങ്ങൾ ഉണ്ടാക്കുന്നതിന് മുമ്പ് കർഷക യൂണിയനുകളുമായി ഒരു കൂടിയാലോചനയും നടത്തിയിട്ടില്ല. എന്നാൽ, അംബാനിയും അദാനിയും വലിയ വിള സംഭരണ കേന്ദ്രങ്ങൾ തയാറാക്കിയിട്ടുമുണ്ടെന്ന് അവർ വിമർശിച്ചു.
കർഷകരുടെ സമരം 36 ദിവസം പൂർത്തിയായിട്ടും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നാണ് കേന്ദ്ര സർക്കാറിന്‍റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.