ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസില്‍ മാവോവാദി ബന്ധം ചുമത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ക്രൈസ്തവ പുരോഹിതനുമായ സ്റ്റാന്‍ സ്വാമിയുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാറിന് മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശം നല്‍കി. നവി മുംബൈയിലെ തലോജ ജയിലില്‍ ഇദ്ദേഹത്തിന് ചികിത്സ നിഷേധിച്ചെന്ന ആരോപണത്തില്‍ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്റ്റാന്‍ സ്വാമിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. 84കാരനായ ഇദ്ദേഹത്തെ മുംബൈ ഹോളി ഫാമിലി ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്.
കോടതി ഇടപെടലിനെ തുടര്‍ന്ന് മേയ് 28നാണ് സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ജൂലൈ ആറ് വരെ ആശുപത്രിയില്‍ തുടരാന്‍ കോടതി അനുവദിച്ചിരുന്നു.
ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ ബന്ധുക്കളെ തിരിച്ചറിയാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു സ്റ്റാന്‍ സ്വാമി. ജാമ്യം നല്‍കിയില്ലെങ്കില്‍ താന്‍ ജയിലില്‍ കിടന്ന് മരിക്കുമെന്ന് നേരത്തെ സ്റ്റാന്‍ സ്വാമി കോടതിയില്‍ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.