ബംഗളൂരു: നീന്തൽ മത്സര പരിശീലനത്തിനിടെ കനകപുര റോഡിലെ അഗാരയിലുള്ള നാഷനൽ പബ്ലിക് സ്കൂളിൽ ഷോക്കേറ്റ് മലയാളി വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തൃശൂർ മാള പുത്തൻചിറ സ്വദേശി തരുപീടികയിൽ റഷീദിന്റെ മകൻ റോഷൻ റഷീദ് (17) മരിച്ച കേസിലാണ് പൊലീസ് രാമനഗര കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
വിദ്യാർഥിയുടെ മരണം സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റതിനെ തുടർന്നാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഫോറൻസിക് ലബോറട്ടറിയിൽനിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഷോക്കേറ്റ് മരണം സ്ഥിരീകരിച്ച് കുറ്റപത്രത്തിൽ റിപ്പോർട്ട് നൽകിയതെന്ന് രാമനഗര എസ്.പി കാർത്തിക് റെഡ്ഡി പറഞ്ഞു.
മാള ഡോ. രാജു ഡേവിസ് ഇന്റർനാഷനൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്ന റോഷൻ സി.ബി.എസ്.ഇ ദക്ഷിണ മേഖല നീന്തൽ മത്സരത്തിന് എത്തിയതായിരുന്നു. 2022 നവംബർ 29ന് വൈകീട്ട് 4.30 ഓടെ പരിശീലനത്തിനിടെയായിരുന്നു അപകടം.
പരിശീലനത്തിനിടെ സ്വിമ്മിങ് പൂളിന്റെ കരയിൽ കയറിയ റോഷന് സമീപത്ത് സ്ഥാപിച്ചിരുന്ന താൽക്കാലിക പന്തലിന്റെ തൂണിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുമ്പേ ജീവൻ നഷ്ടപ്പെട്ടെന്നായിരുന്നു ഡോക്ടർമാരുടെ സ്ഥിരീകരണം.
മത്സരത്തിന്റെ സംഘാടകനും നാഷനൽ പബ്ലിക് സ്കൂളിലെ ജീവനക്കാരനുമായ മുഹമ്മദ്, പന്തൽ ഒരുക്കിയ ഇലക്ട്രീഷ്യനായ കഗ്ഗാലിപുര സ്വദേശി ഹരീഷ് എന്നിവരെ കേസിൽ സംശയിക്കുന്നതായി കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. റോഷന്റെ ബന്ധു സുലൈഖ ജമാൽ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.