ചെന്നൈ: വീട്ടുതടങ്കലിൽനിന്ന് രക്ഷപ്പെട്ട മാലദ്വീപ് മുൻ വൈസ് പ്രസിഡൻറ് അഹ്മദ് അദീബ് അബ്ദുൽ ഗഫൂർ തൂത്തുക്കുടിയിൽ പിടിയിലായി. മുൻ മാലി പ്രസിഡൻറ് അബ്ദുല്ല യമീനെ വധിക്കാൻ ശ്രമിച്ച കേസിൽ ഇദ്ദേഹത്തിന് 15 വർഷത്തെ ജയിൽശിക്ഷ വിധിച്ചിരുന്നു.
2015 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. മൂന്നു വർഷത്തെ തടവിനുശേഷം വീട്ടുതടങ്കലിലാക്കി. ഇതിനിടെയാണ് അദീബിനെ കാണാതായത്. ഇദ്ദേഹം ഇന്ത്യയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ബുധനാഴ്ച രാത്രി ഇന്ത്യൻ സമുദ്രാതിർത്തിക്കകത്ത് മാലദ്വീപിൽനിന്ന് തൂത്തുക്കുടിയിലേക്ക് വരുകയായിരുന്ന ചരക്കുകപ്പലിൽനിന്ന് അദീബിനെ കേന്ദ്ര ഇൻറലിജൻസ് വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തൂത്തുക്കുടിയിലെ രഹസ്യകേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുന്ന ഇദ്ദേഹത്തെ വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നുണ്ട്.
അതേസമയം, നിയമപരമായ രേഖകൾ കൈവശമില്ലാത്തതിനാൽ ഇദ്ദേഹത്തെ ഇന്ത്യയിൽ പ്രവേശിപ്പിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാർ ന്യൂഡൽഹിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.