ന്യൂഡൽഹി: അടുത്ത വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നിർദേശിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി.
ബി.ജെ.പിയെ ഒറ്റക്കെട്ടായി നേരിടാനുള്ള തന്ത്രങ്ങൾ ആവിഷ്‍കരിക്കാൻ ഡൽഹിയിൽ ചേർന്ന ഇൻഡ്യ മുന്നണി സഖ്യത്തിന്റെ നിർണായക യോഗത്തിലാണ് മമത നിർദേശം മുന്നോട്ടുവെച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഖാർഗയെ നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ട്. സീറ്റ് വിഭജന ചർച്ചകൾ ജനുവരി ഒന്നിനകം പൂർത്തിയാക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കളെല്ലാം ആവശ്യപ്പെട്ടു.
മോദി സർക്കാറിനെതിരെ രാജ്യവ്യാപക സമരം നടത്താൻ ഇൻഡ്യ സഖ്യം തീരുമാനിച്ചു. സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാരെ ഇറക്കി 22നാണ് രാജ്യവ്യാപക സമരം നടത്തുകയെന്ന് യോഗതീരുമാനം മാധ്യമങ്ങളോട് വിശദീകരിച്ച ഖാർഗെ പറഞ്ഞു. 28 ഘടക കക്ഷികളെയും കൂട്ടി എട്ടോ പത്തോ റാലികൾ രാജ്യവ്യാപകമായി നടത്താനുള്ള തീരുമാനവും യോഗം കൈക്കൊണ്ടു. ഘടകകക്ഷികൾക്കിടയിൽ സീറ്റു വിഭജനം വേഗത്തിലാക്കി 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് എത്രയും വേഗമിറങ്ങാനാണ് മൂന്നാമത്തെ തീരുമാനം.
ജനാധിപത്യവിരുദ്ധമായ ബി.ജെ.പി സർക്കാറിന്റെ സഭാ നടത്തിപ്പിനെ അപലപിച്ച് ഇൻഡ്യ പ്രമേയം പാസാക്കിയെന്നും ജനാധിപത്യം രക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് പോരാടേണ്ടതുണ്ടെന്ന് യോഗത്തിനെത്തിയ 28 പാർട്ടികളും യോജിപ്പിലെത്തിയെന്നും ഖാർഗെ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയുണ്ടായശേഷം ഇതാദ്യമായാണ് സഖ്യത്തിന്റെ യോഗം ചേർന്നത്. പ്രതിപക്ഷ പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കുമെന്നാണ് മമത നേരത്തെ പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.